മോസ്‌കോ: റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ നിർത്തുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനകൾക്ക് പിന്നാലെ, നിലപാട് വ്യക്തമാക്കി റഷ്യ. ഇന്ത്യയുമായുള്ള ഊർജ്ജ ബന്ധത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും എണ്ണ വ്യാപാരം ഇരുരാജ്യങ്ങൾക്കും ഒരുപോലെ പ്രയോജനകരമാണെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. ബുധനാഴ്ചയാണ് മോസ്‌കോയിൽ നിന്ന് ഇതുസംബന്ധിച്ച വിശദീകരണം പുറത്തുവന്നത്.
റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി അന്താരാഷ്ട്ര ഊർജ്ജ വിപണിയിൽ സ്ഥിരത നിലനിർത്താൻ സഹായിക്കുന്നതാണെന്ന് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. ഈ വിഷയത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണ ശക്തമായി തുടരുമെന്നും ഇന്ത്യയുമായുള്ള സഹകരണം കൂടുതൽ ഉറപ്പാക്കുമെന്നും റഷ്യ പ്രഖ്യാപിച്ചു.
ഇന്ത്യ-യുഎസ് വ്യാപാര കരാർ യാഥാർത്ഥ്യമായതായും ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ തീരുവ കുറച്ചതായും ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപിന് നന്ദി അറിയിച്ചെങ്കിലും, റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തണമെന്ന അമേരിക്കയുടെ ഉപാധിയെക്കുറിച്ച് ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. റഷ്യയിൽ നിന്നുള്ള എണ്ണയ്ക്ക് പകരം വെനിസ്വേലയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങാൻ സമ്മതിച്ചതായാണ് ട്രംപ് അവകാശപ്പെടുന്നത്. എന്നാൽ ഊർജ്ജ സുരക്ഷയിൽ ഇന്ത്യ സ്വന്തം താല്പര്യങ്ങൾ മുൻനിർത്തി മാത്രമേ തീരുമാനമെടുക്കൂ എന്ന സൂചനയാണ് റഷ്യയുടെ പ്രസ്താവന നൽകുന്നത്.

