മെൽബൺ: ആവേശം അവസാന നിമിഷം വരെ നീണ്ടുനിന്ന ഫൈനലിൽ ലോക ഒന്നാം നമ്പർ താരം അരിന സബലെങ്കയെ അട്ടിമറിച്ച് കസാക്കിസ്ഥാന്റെ എലീന റിബാക്കിന ഓസ്ട്രേലിയൻ ഓപ്പൺ കിരീടം ചൂടി. മൂന്ന് സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിനൊടുവിലാണ് റിബാക്കിനയുടെ ചരിത്ര വിജയം. സ്കോർ: 6-4, 4-6, 6-4.
മത്സരത്തിന്റെ തുടക്കത്തിൽ മികച്ച ഫോമിലായിരുന്ന റിബാക്കിന ആദ്യ സെറ്റ് (6-4) സ്വന്തമാക്കി. എന്നാൽ രണ്ടാം സെറ്റിൽ ശക്തമായി തിരിച്ചടിച്ച നിലവിലെ ചാമ്പ്യൻ സബലെങ്ക 4-6 ന് സെറ്റ് നേടി മത്സരം ഒപ്പത്തിനൊപ്പമെത്തിച്ചു.
തീപാറുന്ന പോരാട്ടം നടന്ന നിർണ്ണായകമായ മൂന്നാം സെറ്റിൽ ഒരു ഘട്ടത്തിൽ സബലെങ്ക 3-0 ന്റെ മികച്ച ലീഡ് നേടിയിരുന്നു. റിബാക്കിന പരാജയപ്പെടുമെന്ന് ആരാധകർ കരുതിയ നിമിഷം. എന്നാൽ അവിശ്വസനീയമായ പോരാട്ടവീര്യത്തോടെ തിരിച്ചുവന്ന റിബാക്കിന തുടർച്ചയായി ഗെയിമുകൾ ജയിച്ച് 6-4 ന് സെറ്റും കരിയറിലെ രണ്ടാമത്തെ ഗ്രാൻഡ് സ്ലാം കിരീടവും സ്വന്തമാക്കി.
2023-ലെ ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ സബലെങ്കയോടേറ്റ തോൽവിക്ക് ഇതേ വേദിയിൽ വെച്ച് തന്നെ റിബാക്കിന പകരം വീട്ടി.2022-ലെ വിംബിൾഡൺ വിജയത്തിന് ശേഷം റിബാക്കിന നേടുന്ന രണ്ടാമത്തെ പ്രധാന കിരീടമാണിത്.ഈ കിരീടനേട്ടത്തോടെ ഡബ്ല്യു.ടി.എ (WTA) റാങ്കിംഗിൽ റിബാക്കിന മൂന്നാം സ്ഥാനത്തേക്ക് കുതിച്ചു.

