സായന്തനം

കണ്ടുണർന്നൊരു സുന്ദര സ്വപ്നം പോലെ
രാവിൻ മാറിൽ അലിഞ്ഞു ചേർന്ന്
ആദിത്യശോഭ പതിയെ മാഞ്ഞിടുന്നേരം
സായന്തനം തുടുപ്പേന്തി നിൽക്കവേ.

കടലിന്റെ മായാത്ത കാഴ്ചകളാവോളം
ആസ്വദിച്ച് തിരക്കൊഴിഞ്ഞ തീരത്ത്
കാണാക്കിനാവുകൾ കണ്ടിടുമ്പോൾ
ചുവന്നു കലങ്ങി മടങ്ങുന്നർക്കൻ.

പകലെന്നുമകലേക്കു യാത്രയാകുന്നേരം
തിരമാഞ്ഞ തീരംപോലെ ഇന്നെന്റെയുള്ളവും
തങ്ങി നിൽക്കുമ്പോൾ ആഴിയിൽ മുങ്ങി നിദ്രയെ പുൽകവേ
സൂര്യാസ്തമയത്തിൻ തുടക്കമായൊരാ സായന്തനം.

ശോഭയിലണയുന്നുഷസ്സന്ധ്യയിൽ
രാവിൻ മടിത്തട്ടിൽ മയങ്ങിടുന്നേരം
എരിഞ്ഞടങ്ങിയ പകലിന് സാക്ഷിയായി
കൂടണയാൻ വെമ്പി പക്ഷികളകലുന്നു.

പോയ്മറഞ്ഞെങ്ങോ രാവിൽ
വിടപറയുന്നിതാ അസ്തമയസൂര്യൻ
കാണാമറയത്ത് ആനന്ദമേകി
വർണ്ണാഭമാകുമീ പകലോൻ മറഞ്ഞിടും സായന്തനം..!

മഞ്ജു റെജി

Leave a Reply

Your email address will not be published. Required fields are marked *