തിരുവനന്തപുരം: കേരളത്തിന്റെ ദീർഘകാല സ്വപ്നമായ ശബരി റെയിൽ പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനായി പദ്ധതിച്ചെലവിന്റെ പകുതി വിഹിതം സംസ്ഥാന സർക്കാർ വഹിക്കും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് ഈ നിർണ്ണായക തീരുമാനത്തിന് അംഗീകാരം നൽകിയത്. 3,810 കോടി രൂപ ആകെ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിൽ 1,905 കോടി രൂപയാണ് കേരളം നൽകുക.
കേന്ദ്ര പദ്ധതികൾ നടപ്പിലാക്കുന്നതിന് നിശ്ചിത വിഹിതം സംസ്ഥാനം വഹിക്കണമെന്ന കേന്ദ്രസർക്കാരിന്റെ കർശന നിലപാടിനെത്തുടർന്ന് 27 വർഷത്തിലേറെയായി മുടങ്ങിക്കിടക്കുകയായിരുന്നു ഈ പദ്ധതി. വികസന മുരടിപ്പ് ഒഴിവാക്കാനാണ് പകുതി വിഹിതം ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചത്. കിഫ്ബി (KIIFB) മുഖേന ആവശ്യമായ തുക കണ്ടെത്തി ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാൻ മന്ത്രിസഭ നിർദ്ദേശം നൽകി കഴിഞ്ഞു.
മലയോര മേഖലയുടെ വികസനക്കുതിപ്പിന് വലിയ ഊർജ്ജമാകുന്ന ശബരിപാതയെ എരുമേലിയിൽ നിന്ന് പുനലൂർ വഴി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവുമായി ബന്ധിപ്പിക്കാനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്. കേരളത്തിന്റെ സമഗ്ര പുരോഗതിക്ക് അനിവാര്യമായ പശ്ചാത്തല സൗകര്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ എൽഡിഎഫ് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും, ഈ നിശ്ചയദാർഢ്യത്തിന്റെ പ്രതിഫലനമാണ് പുതിയ തീരുമാനമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു

