കൊച്ചി: ശബരിമലയിലെ കൊടിമരപ്രതിഷ്ഠയ്ക്കായി ഭക്തർ നൽകിയ സ്വർണ്ണത്തിന്റെ കണക്കുകളിൽ വൻ പൊരുത്തക്കേടുണ്ടെന്ന് ഹൈക്കോടതി. സംഭവത്തിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ സംസ്ഥാന വിജിലൻസിന് കോടതി നിർദ്ദേശം നൽകി. മുൻ അഭിഭാഷക കമ്മിഷണർ എ.എസ്.പി. കുറുപ്പിന്റെ റിപ്പോർട്ടും പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) കണ്ടെത്തലുകളും പരിശോധിച്ച ശേഷമാണ് ദേവസ്വം ബെഞ്ചിന്റെ ഈ നിർണ്ണായക ഇടപെടൽ.
താരങ്ങൾ നൽകിയ സ്വർണ്ണം എവിടെ? സുരേഷ് ഗോപി, മോഹൻലാൽ, രഞ്ജി പണിക്കർ, രജപുത്ര രഞ്ജിത് തുടങ്ങിയ പ്രമുഖ താരങ്ങളും നിരവധി വ്യവസായികളും ഭക്തരും കൊടിമരപ്രതിഷ്ഠയ്ക്കായി കിലോക്കണക്കിന് സ്വർണ്ണം നൽകിയെന്ന് എ.എസ്.പി. കുറുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇവ വാജി വാഹനത്തിനും അഷ്ടദിക് പാലക പ്രതിമയ്ക്കുമായി ഉപയോഗിച്ചുവെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ, ഭക്തർ നൽകിയ പല സ്വർണ്ണശേഖരവും ഔദ്യോഗിക റെക്കോർഡുകളിൽ രേഖപ്പെടുത്തിയിട്ടില്ലെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്.
റിപ്പോർട്ടിലെ പ്രധാന വിവരങ്ങൾ:
27 പേർ നൽകിയ സ്വർണ്ണത്തിന്റെ വിവരങ്ങൾ രേഖകളിലില്ല. പലർക്കും സ്വർണ്ണം നൽകിയതിന് രസീത് ലഭിച്ചിട്ടില്ലെന്നും കോടതി കണ്ടെത്തി.താഴികക്കുടങ്ങൾ സ്വർണ്ണം പൂശുന്നതിനായി ദേവസ്വം ബോർഡിനോട് 600 ഗ്രാം സ്വർണ്ണം ആവശ്യപ്പെട്ടെങ്കിലും അധികൃതർ വിമുഖത കാണിച്ചതായി കുറുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു. പിന്നീട് ജ്വല്ലറികളിൽ നിന്നടക്കം സ്വർണ്ണം സ്വരൂപിച്ച് പ്രവർത്തനം പൂർത്തിയാക്കുകയായിരുന്നു.
സ്വർണ്ണം നൽകിയ ഓരോരുത്തരെയും നേരിട്ട് കണ്ട് എത്രത്തോളം സ്വർണ്ണം കൈമാറി എന്ന് വ്യക്തമായി അന്വേഷിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. കൊടിമരത്തിന് ഉപയോഗിച്ച സ്വർണ്ണത്തിന്റെ കണക്കുകളിൽ വ്യക്തതയില്ലെങ്കിൽ കുറ്റക്കാർക്കെതിരെ ക്രിമിനൽ കേസ് എടുക്കാനാണ് വിജിലൻസിന് നൽകിയിരിക്കുന്ന നിർദ്ദേശം. 2018-ലെ റിപ്പോർട്ടും നിലവിലെ കണ്ടെത്തലുകളും തമ്മിലുള്ള വൈരുദ്ധ്യം അതീവ ഗൗരവത്തോടെയാണ് കോടതി കാണുന്നത്.

