ശബരിമല കൊടിമര അഴിമതി: അന്വേഷണത്തിന് പ്രത്യേക വിജിലൻസ് സംഘം

ശബരിമലയിലെ കൊടിമര പുനഃപ്രതിഷ്ഠയിൽ നടന്ന ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കാൻ ഒരു എസ്.പി.യുടെ നേതൃത്വത്തിലുള്ള പ്രത്യേക വിജിലൻസ് സംഘത്തെ സർക്കാർ നിശ്ചയിക്കും. ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് ഇന്നലെ (ഫെബ്രുവരി 9) നൽകിയ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.

2017-ൽ യു.ഡി.എഫ്. ഭരണസമിതിയുടെ കാലത്ത് (പ്രയാർ ഗോപാലകൃഷ്ണൻ പ്രസിഡന്റായിരുന്ന സമയം) നടന്ന കൊടിമര നിർമ്മാണമാണ് അന്വേഷണ പരിധിയിലുള്ളത്. കൊടിമര നിർമ്മാണത്തിനായി ആകെ ലഭിച്ചത് 9,573.010 ഗ്രാം സ്വർണ്ണമാണെന്നും എന്നാൽ ഉപയോഗിച്ചത് 9,340.200 ഗ്രാം മാത്രമാണെന്നും റിപ്പോർട്ടുകളുണ്ട്. ബാക്കി സ്വർണ്ണത്തിന് എന്ത് സംഭവിച്ചു എന്നത് വിജിലൻസ് പരിശോധിക്കും. സ്വർണ്ണം സംഭാവന നൽകിയ 27 പ്രമുഖ ഭക്തരുടെ മൊഴി രേഖപ്പെടുത്താൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഇവരുടെ സംഭാവനകൾക്ക് കൃത്യമായ രസീതുകൾ ഉണ്ടോ എന്ന് പരിശോധിക്കും.പഴയ കൊടിമരത്തിലുണ്ടായിരുന്ന ‘വാജിവാഹനം’ (കുതിരയുടെ രൂപം) എട്ട് വർഷത്തോളം തന്ത്രി കണ്ഠരര് രാജീവർ കൈവശം വെച്ചതും കോടതിയുടെ നിരീക്ഷണത്തിലാണ്.

30 ദിവസത്തിനകം പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് വിജിലൻസ് ഡയറക്ടർക്ക് ഹൈക്കോടതി നൽകിയിരിക്കുന്ന നിർദ്ദേശം.

ദേവസ്വം ബോർഡ് മുൻ അംഗം അജയ് തറയിൽ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്, കൊടിമര നിർമ്മാണം അഡ്വക്കേറ്റ് കമ്മിഷണറുടെയും ചീഫ് എഞ്ചിനീയറുടെയും മേൽനോട്ടത്തിലാണ് നടന്നതെന്നും തനിക്ക് ഇതിൽ നേരിട്ട് ഉത്തരവാദിത്തമില്ലെന്നുമാണ്. വി.ഡി. സതീശന്റെ ജാഥ വരുന്ന സമയത്ത് തന്നെ ടാർഗെറ്റ് ചെയ്യാനുള്ള രാഷ്ട്രീയ നീക്കമാണിതെന്നും അദ്ദേഹം ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *