ശബരിമല സ്വര്‍ണ്ണക്കടത്ത്; സര്‍ക്കാര്‍ സ്വീകരിച്ചത് ശരിയായ നിലപാടെന്ന് എം വി ഗോവിന്ദന്‍

കണ്ണൂര്‍ : ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തില്‍ സര്‍ക്കാര്‍ ശരിയായ നിലപാടാണ് സ്വീകരിച്ചതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

കണ്ണൂര്‍ പ്രസ് ക്‌ളബ്ബ് തെരഞ്ഞെടുപ്പ് പരിപാടിയായ തദ്ദേശം 2025 ല്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന എ. പത്മകുമാറിനെതിരെയുള്ള കുറ്റത്തില്‍ വ്യക്തത വന്നാല്‍ നടപടിയെടുക്കും.ഇതില്‍ ധൃതിവയ്‌ക്കേണ്ട കാര്യമില്ല.മാധ്യമങ്ങള്‍ പറയുന്നതനുസരിച്ചു ആര്‍ക്കെങ്കിലും നടപടിയെടുക്കാന്‍ കഴിയില്ല. എസ്. ഐ.ടി അന്വേഷണം പൂര്‍ത്തിയാകാന്‍ ഇനിയും മാസങ്ങള്‍ തന്നെയുണ്ട്.

രാഹുല്‍ മാങ്കൂട്ടത്തിനെതിരെയുള്ള നടപടിയെടുത്തത്തില്‍ ഈക്കാര്യത്തില്‍ കൂട്ടി കുഴയ്‌ക്കേണ്ട കാര്യമില്ല. കോണ്‍ഗ്രസെടുത്തത് മുഖം രക്ഷിക്കാനുള്ള നടപടിയാണ്. രാഹുലിന് സംരക്ഷിക്കുന്നത് കോണ്‍ഗ്രസ് നേതൃത്വമാണ്. ഷാഫി പറമ്ബില്‍ ഇതിന് പിന്നിലുള്ളയാള്‍ തന്നെയാണ്. കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ തെറ്റില്ല ഒരു കോടതി മാത്രമല്ല ഇവിടെയുള്ളത്. അവര്‍ക്ക് മേല്‍ കോടതിയെ സമീപിക്കാം. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വിവിധ കേസുകളില്‍ പ്രതിയാക്കപ്പെടാം. അതൊന്നും പുതിയ കാര്യമല്ല. വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരും പാര്‍ട്ടിയുടെ ഭാഗം തന്നെയാണ്.

ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തില്‍ കുറ്റവാളികളെ നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരുന്നതിനാണ് ഹൈക്കോടതിയുടെ നിരീക്ഷണത്തില്‍ എസ്. ഐ.ടി അന്വേഷണം നടത്തിവരുന്നത്. അയ്യപ്പന്റെ ഒരു തരി പൊന്നു പോലും നഷ്ടപ്പെടാന്‍ വിടില്ല. കേരളം കണ്ട ഏറ്റവും വലിയ സ്വര്‍ണക്കൊളള നടന്നത് ഗുരുവായൂരിലാണ് 1985 ല്‍ കെ.കരുണാകരന്‍ മുഖ്യമന്ത്രിയായ വേളയിലാണ് ഗുരുവായൂരപ്പന്റെ തിരുവാഭരണം മോഷണം പോയത്. ഇതുവരെ തിരുവാഭരണം എവിടെയെന്ന് അറിഞ്ഞിട്ടില്ല. പുനരന്വേഷണം കണ്ടെത്തി രണ്ടു പേരെ കുറ്റക്കാരെന്ന് കണ്ടെത്തിയെങ്കിലും അവര്‍ നിഷേധിക്കുകയായിരുന്നു.

രണ്ടാമത്തെ അന്വേഷണത്തിലും തിരുവാഭരണ മോഷണ കേസിലെ പ്രതികളെ കണ്ടെത്താനായില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. എല്‍.ഡി.എഫ് സര്‍ക്കാരിനെ വിമര്‍ശിക്കുന്ന യു.ഡി.എഫുകാര്‍ ചരിത്ര മോര്‍ക്കണമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ഈ തദ്ദേശ സ്വയം തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് കണ്ണഞ്ചിക്കുന്ന വിജയം നേടും കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണം പിടിച്ചെടുക്കും. സര്‍ക്കാര്‍ ചെയ്യുന്ന എന്തിനെയും വിമര്‍ശിക്കുന്ന ഇത്തരമൊരു പ്രതിപക്ഷം കേരളത്തില്‍ മാത്രമല്ല ലോകത്തെവിടെയുമില്ലെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *