ശബരിമല മകരവിളക്ക് മഹോത്സവത്തിനെത്തുന്ന തീര്‍ത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഏത് അടിയന്തര സാഹചര്യം നേരിടുന്നതിനും സജ്ജമായി സന്നിധാനത്തെ അഗ്നിരക്ഷാ സേന യൂണിറ്റ്. ഫയർ ആൻഡ് റസ്ക്യു ശബരിമല സ്‌പെഷ്യല്‍ ഓഫീസര്‍ അരുണ്‍ ഭാസ്‌കറിന്റെ കീഴില്‍ ഒരു സ്‌റ്റേഷന്‍ ഓഫീസര്‍, മൂന്ന് സ്‌റ്റേഷന്‍ ഓഫീസര്‍മാര്‍, രണ്ട് മെക്കാനിക്കുകള്‍, 10 ഡ്രൈവര്‍മാര്‍, 10 സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യു ഓഫീസര്‍മാര്‍, 57 ഫയര്‍മാന്‍മാര്‍ എന്നിവരടങ്ങിയ സംഘമാണ് സന്നിധാനത്ത് ഡ്യൂട്ടിയിലുള്ളത്. കൂടാതെ സ്‌ട്രെച്ചര്‍ സര്‍വീസിനും മറ്റ് അടിയന്തര ഘട്ടങ്ങളിലും 50 അംഗ സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാരുടെ സേവനവും ഉണ്ട്. പമ്പയില്‍ തീര്‍ത്ഥാടകരുടെ രക്ഷയ്ക്കായി പരിശീലനം ലഭിച്ച 10 അംഗ സ്‌കൂബ ഡൈവിങ് അംഗങ്ങളും ഉണ്ട്.
വണ്ടിപ്പെരിയാർ, പുല്ലുമേട്, പാഞ്ചാലിമേട്, സത്രം, പരുന്തുംപാറ, അയ്യന്‍മല, പഞ്ഞിപ്പാറ, ഇലവുങ്കല്‍, അട്ടത്തോട്, അട്ടത്തോട് ഉന്നതി, ളാഹ, വടശ്ശേരിക്കര, നീലിമല തുടങ്ങിയ 13 വ്യൂപോയിന്റുകളില്‍ പത്തില്‍ കുറയാത്ത അഗ്നിരക്ഷാ സേനാംഗങ്ങളുടെ സംഘം ഡ്യൂട്ടിയിലുണ്ടാകും. മള്‍ട്ടി യൂട്ടിലിറ്റി വെഹിക്കിള്‍, ഫയര്‍ ടെണ്ടറുകള്‍, ആംബുലന്‍സ്, റെസ്‌ക്യു വെഹിക്കിള്‍, ഫസ്റ്റ് റെസ്‌പോണ്‍സ് വെഹിക്കിള്‍ മുതലായ സേനയുടെ 31 വാഹനങ്ങളും സേവനത്തിന് സജ്ജമായി വ്യൂ പോയിന്റുകളിലുണ്ടാകും.
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഹോട്ടലുകളില്‍ ഫയര്‍ ആന്റ് റസ്‌ക്യു സര്‍വീസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങള്‍, എല്‍.പി.ജി ഗോഡൗണുകള്‍, വെടിക്കെട്ട്പുര, കൊപ്രാക്കളം, മാളികപ്പുറം പരിസരത്തെ ബഹുനില കെട്ടിടങ്ങള്‍ എന്നിവിടങ്ങളിലും പരിശോധന നടത്തി. കൂടാതെ പോലീസ്, വനംവകുപ്പ് എന്നീ വിഭാഗങ്ങളോടൊപ്പം വനത്തിനുള്ളില്‍ ആരംഭിച്ച സംയുക്ത സ്‌ക്വാഡ് പരിശോധനയിലും അഗ്നിശമന സേനാംഗങ്ങള്‍ സജീവമാണ്. വനത്തിനുള്ളില്‍ യാതൊരു കാരണവശാലും പര്‍ണ്ണശാലകള്‍ കെട്ടുന്നതിനോ പാചകം ചെയ്യുന്നതിനോ അനുവദിക്കില്ലെന്ന് അഗ്നിരക്ഷാ സേന അറിയിച്ചു.
പുല്ലുമേട് വഴിയുള്ള കാനന പാതയില്‍ തീര്‍ത്ഥാടകര്‍ എന്തെങ്കിലും അത്യാഹിതത്തില്‍പ്പെട്ടതായി സന്ദേശം ലഭിച്ചാല്‍ രക്ഷാപ്രവര്‍ത്തനത്തിനായി സ്‌ട്രെച്ചര്‍ സര്‍വീസിന് സേനാംഗങ്ങളും സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാരുമുണ്ട്. ഉള്‍വനത്തില്‍ നിന്ന് ഏറെ പണിപ്പെട്ടാണ് തീര്‍ത്ഥാടകരെ രക്ഷിച്ച് ചുമന്നു കൊണ്ടുവരുന്നത്. പമ്പ, നിലയ്ക്കല്‍, പ്ലാപ്പള്ളി എന്നിവിടങ്ങളിലും അഗ്നിരക്ഷാ സേനയുടെ യൂണിറ്റുകള്‍ ഉണ്ട്.

