പത്തനംതി്ട്ട: വെര്‍ച്വല്‍ ക്യൂ വഴി ശബരിമല ദര്‍ശനത്തിന് ബുക്ക് ചെയ്തവരില്‍ പലരും വരാതാകുന്നതോടെ സന്നിധാനത്ത് തിരക്ക് പതിവിലും വളരെ കുറയുന്നു. വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തവര്‍ക്കു ശേഷം എത്ര പേരെയാണോ സന്നിധാനത്തേക്ക് കടത്തിവിടാവുന്നത് അത്രയും പേര്‍ക്ക്് മാത്രമാണ് സ്‌പോട്ട് ബുക്കിങ് അനുവദിക്കുന്നത്. ഞായറാഴ്ച മാത്രം വെര്‍ച്വല്‍ ക്യൂവില്‍ നിന്നുള്ള പതിനഞ്ചു ശതമാനത്തോളം തീര്‍ഥാടകര്‍ എത്തിയില്ലെന്നാണ് ആദ്യ കണക്കുകള്‍ കാണിക്കുന്നത്. ഇതിന്റെ ഫലമായി സന്നിധാനത്തെ വലിയ നടപ്പന്തല്‍ വഴി വരാന്‍ ആരും ഉണ്ടായിരുന്നതേയില്ല. പതിനെട്ടാം പടി കയറാനുള്ള ക്യൂവും താരതമ്യേന ആളില്ലാതെയായിരുന്നു.
നവംബര്‍ പതിനെട്ടിന് സന്നിധാനത്തുണ്ടായ അനിയന്ത്രിതമായ തീര്‍ഥാടക പ്രവാഹത്തെ തുടര്‍ന്നാണ് ഹൈക്കോടതി കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പാടാക്കിയത്. വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിലൂടെ എഴുപതിനായിരം പേര്‍ക്കും സ്‌പോട്ട് ബുക്കിങ്ങിലൂടെ ഇരുപതിനായിരം പേര്‍ക്കുമാണ് നിലവില്‍ ദര്‍ശനം നടത്തുന്നതിന് സൗകര്യം ലഭിക്കുന്നത്. ദിവസവും 90000 തീര്‍ഥാടകര്‍ക്കു മാത്രമായി ദര്‍ശനം പരിമിതപ്പെടുത്തിയിരിക്കുന്നതിനാല്‍ നിയന്ത്രണാതീതമായ തിരക്ക് ഒരിക്കലും ഉണ്ടാകാതെ നോക്കാന്‍ സാധിച്ചിരുന്നു.

