ശബരിമല യുവതീപ്രവേശം: സർക്കാരിന്റേത് ഒളിച്ചുകളി;നിലപാട് വ്യക്തമാക്കണമെന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത് ഇരട്ടത്താപ്പാണെന്നും വിഷയത്തിൽ സർക്കാർ നിലപാട് കൃത്യമായി വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു.വിശ്വാസികളെ വഞ്ചിക്കുന്ന തരത്തിൽ ഒളിച്ചുകളി നടത്തുന്നത് അവസാനിപ്പിക്കാൻ സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം തിരുവനന്തപുരത്ത് നടന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞു.ശബരിമല വിഷയത്തിൽ സുപ്രീം കോടതിയിൽ നിലവിലുള്ള സത്യവാങ്മൂലത്തിന്റെ കാര്യത്തിൽ സർക്കാരിന് ഇപ്പോഴും അവ്യക്തതയാണുള്ളത്. മുൻപ് യുവതീപ്രവേശനത്തെ അനുകൂലിച്ച് നൽകിയ സത്യവാങ്മൂലം പിൻവലിക്കാനോ തിരുത്താനോ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തിരഞ്ഞെടുപ്പ് കാലത്ത് വിശ്വാസികൾക്കൊപ്പം നിൽക്കുന്നുവെന്ന് വരുത്തിതീർക്കുകയും കോടതിയിൽ വിപരീത നിലപാട് തുടരുകയും ചെയ്യുന്നത് രാഷ്ട്രീയ പാപ്പരത്തമാണ്. യുവതീപ്രവേശനത്തിന് അനുകൂലമായി നൽകിയ സത്യവാങ്മൂലം തിരുത്തി വിശ്വാസികളുടെ താൽപ്പര്യം സംരക്ഷിക്കാൻ സർക്കാർ തയ്യാറാകണം. ശബരിമലയിലെ നൂറ്റാണ്ടുകളായുള്ള ആചാരങ്ങൾ സംരക്ഷിക്കപ്പെടണം എന്നതാണ് യുഡിഎഫ് നിലപാടെന്നും ഇതിൽ യാതൊരു മാറ്റവുമില്ലെന്നും അദ്ദേഹം ആവർത്തിച്ചു. രാഷ്ട്രീയ ലാഭത്തിന് വേണ്ടി വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്ന നിലപാടിൽ നിന്ന് മുഖ്യമന്ത്രി പിന്മാറണമെന്നും സതീശൻ ആവശ്യപ്പെട്ടു. ശബരിമലയിലെ ആചാരങ്ങൾക്കും വിശ്വാസങ്ങൾക്കും പോറലേൽക്കുന്ന ഒരു നടപടിയും അനുവദിക്കില്ലെന്നും സർക്കാർ നിലപാട് തിരുത്താത്ത പക്ഷം ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Leave a Reply

Your email address will not be published. Required fields are marked *