സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

പാലക്കാട്: ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ സഹകരണത്തോടെ ഗെയില്‍ (ഇന്ത്യ) ലിമിറ്റഡിന്റെ ആഭിമുഖ്യത്തില്‍ പ്രകൃതിവാതക പൈപ്പ്ലൈന്‍ സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.ജില്ലയിലൂടെ കടന്നുപോകുന്ന ഉയര്‍ന്ന മര്‍ദ്ദത്തിലുള്ള പ്രകൃതിവാതക പൈപ്പ്‌ലൈന്‍ നെറ്റ്വര്‍ക്കുമായി ബന്ധപ്പെട്ട സുരക്ഷാ പ്രോട്ടോകോളുകളും അടിയന്തര പ്രതികരണ സംവിധാനങ്ങളും ജില്ലാ തല ഉദ്യോഗസ്ഥര്‍ക്കും പ്രാദേശിക സ്ഥാപന പ്രതിനിധികള്‍ക്കും ബോധ്യപ്പെടുത്തുകയായിരുന്നു ബോധവല്‍ക്കരണ ക്ലാസിന്റെ ലക്ഷ്യം. ഗെയില്‍ ഇന്ത്യ ലിമിറ്റഡ് ചീഫ് മാനേജര്‍ റൗഫീക്ക് ബോധവത്കരണ ക്ലാസിന് നേതൃത്വം നല്‍കി.

ഗെയിലിന്റെ സാങ്കേതിക സെഷനില്‍ പൈപ്പ്ലൈന്‍ സുരക്ഷയുടെ നിര്‍ണായക വിഷയങ്ങളും പാലക്കാട് വഴി കടന്നുപോകുന്ന പൈപ്പ്ലൈന്‍ റൂട്ടിന്റെ വിശദാംശങ്ങളും എഞ്ചിനീയറിങ് സുരക്ഷാ സംവിധാനങ്ങളും ക്ലാസില്‍ വിശദീകരിച്ചു. അടിയന്തര പ്രതികരണ സംവിധാനത്തെക്കുറിച്ചും,ലീക്ക് ഡിറ്റക്ഷന്‍ സിസ്റ്റം ഉള്‍പ്പെടെ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള പ്രോട്ടോകോളിനെക്കുറിച്ചും ഉദ്യോഗസ്ഥരെ ബോധവല്‍ക്കരിച്ചു.
‘ഡയല്‍ ബിഫോര്‍ യു ഡിഗ്’ എന്ന ആശയത്തിന്റെ പ്രാധാന്യവും പ്രതിപാദിച്ചു. പിഡബ്ല്യുഡി, കെഎസ്ഇബി, കെഡബ്ല്യുഎ, റെയില്‍വേ,മറ്റ് സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവ പൈപ്പ്‌ലൈന്‍ ഇടനാഴിക്ക് സമീപം ഏതെങ്കിലും പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുമ്പ് ഗെയിലുമായി സഹകരിക്കണമെന്നും അധികൃതര്‍ ക്ലാസില്‍ അറിയിച്ചു.

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ എഡിഎം കെ സുനില്‍ കുമാര്‍, ഗെയില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പി ശശീന്ദ്രനാഥന്‍, സീനിയര്‍ മാനേജര്‍ ദേവാനന്ദന്‍, സീനിയര്‍ ഓഫീസര്‍ വിനു പ്രിയ, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *