ബംഗളൂരു: വൃക്ഷമാതാവ് എന്നറിയപ്പെടുന്ന പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തക സാലുമരാട തിമ്മക്ക ബംഗളൂരുവില്‍ അന്തരിച്ചു. നൂറ്റിപ്പതിനാലാം വയസില്‍ വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു മരണം. 1911ല്‍ കര്‍ണാടകത്തിലെ തുമക്കുരു ജില്ലയിലെ ഗുബ്ബിയിലാണ് തിമ്മക്കയുടെ ജനനം. മരങ്ങള്‍ നട്ടു വളര്‍ത്തിയതിലൂടെയായിരുന്നു ഇവരെ ലോകം ശ്രദ്ധിച്ചത്. അങ്ങനെയാണ് വൃക്ഷ മാതാവ് എന്ന പേരു ലഭിക്കുന്നത്.
കൂഡൂര്‍-ഹൂളിക്കല്‍ സംസ്ഥാന പാതയില്‍ 385 പേരാലുകളാണ് തിമ്മക്ക നട്ടുവളര്‍ത്തിയത്. മരങ്ങളെ മക്കളായി കണ്ടു സ്‌നേഹിക്കുകയും പരിചരിക്കുകയും ചെയ്ത് വളര്‍ത്തുകയാണ് ഇവര്‍ ചെയ്തത്. 2019ല്‍ രാജ്യം പത്മശ്രീ നല്‍കി ഇവരെ ആദരിച്ചിരുന്നു. അന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ തലയില്‍ കൈവച്ച് അനുഗ്രഹിച്ചതിലൂടെ ഇവര്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

