തിരുവനന്തപുരം: ലോകകപ്പ് വിജയത്തിന് പിന്നാലെ നാട്ടിൽ തിരിച്ചെത്തിയ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ ആരാധകർ നൽകിയ അഭൂതപൂർവ്വമായ വരവേൽപ്പിന് നന്ദി പറഞ്ഞ് രംഗത്തെത്തി. തനിക്ക് ലഭിക്കുന്ന സ്നേഹം കാണുമ്പോൾ വാക്കുകൾ കിട്ടുന്നില്ലെന്നും ഭാര്യ ചാരുലത ചില സോഷ്യൽ മീഡിയ റീൽസുകൾ കാണിച്ചുതന്നപ്പോൾ തന്റെ കണ്ണുനിറഞ്ഞുപോയെന്നും സഞ്ജു വെളിപ്പെടുത്തി. വിമാനത്താവളത്തിലെ സ്വീകരണത്തിന് ശേഷം മാധ്യമങ്ങളോടും ആരാധകരോടും സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്രയധികം ആളുകൾ തനിക്ക് വേണ്ടി കാത്തിരിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്നത് വലിയൊരു അംഗീകാരമായി കാണുന്നുവെന്ന് സഞ്ജു പറഞ്ഞു. ലോകകപ്പ് നേട്ടത്തിന് ശേഷം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആരാധകരുടെ പ്രതികരണങ്ങൾ ഭാര്യ ഫോണിലൂടെ കാണിച്ചുതരികയായിരുന്നു. ഒരു ക്രിക്കറ്റ് താരം എന്നതിലുപരി ഇത്രയധികം മലയാളികളുടെ സ്നേഹം ലഭിക്കുന്നത് ഭാഗ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ ജേഴ്സിയിൽ ഈ വിജയം ആഘോഷിക്കാൻ കഴിഞ്ഞത് കരിയറിലെ ഏറ്റവും വലിയ നിമിഷമാണെന്നും പിന്തുണച്ച ഓരോരുത്തർക്കും നന്ദി അറിയിക്കുന്നതായും സഞ്ജു പറഞ്ഞു. വരും ദിവസങ്ങളിൽ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാനാണ് താരത്തിന്റെ തീരുമാനം. തിരുവനന്തപുരം വിമാനത്താവളം മുതൽ വിഴിഞ്ഞം വരെയുള്ള പാതയിൽ സഞ്ജുവിനെ ഒരുനോക്ക് കാണാൻ വൻ ജനസഞ്ചയമാണ് ഒഴുകിയെത്തിയത്

