സത്യനും നസീറും മധുവുമൊക്കെ പ്രണയം പങ്കുവെച്ചതും പ്രണയഗാനങ്ങൾ പാടിയതും മനോഹരമായ ആ കണ്ണുകളിൽ ഉറ്റുനോക്കിയാണ്. വികാരസാഗരമിരമ്പുന്ന വിടർന്ന കണ്ണുകൾ. ആ കണ്ണുകളില്ലെങ്കിൽ ശാരദയുമില്ല.
“എന്റെ അച്ഛൻ തന്നതാണ് ആ കണ്ണുകൾ.” — ശാരദ ചിരിക്കുന്നു. “നീണ്ടു വിടർന്ന കണ്ണുകളായിരുന്നു അച്ഛന്റേത്. ആളുകൾ എന്റെ കണ്ണുകളെ കുറിച്ച് നല്ലതു പറഞ്ഞുകേൾക്കുമ്പോഴെല്ലാം അച്ഛനെ ഓർക്കും.”
അച്ഛൻ കർഷകനായിരുന്നു. തികച്ചും സാധാരണക്കാരൻ. പേര് വെങ്കടേശ്വര റാവു. മകൾ സിനിമാനടിയായി അറിയപ്പെടുന്നതിലൊന്നും വലിയ താല്പര്യമില്ലാതിരുന്ന ആൾ. അമ്മ സത്യവതിയാണ് കലാരംഗത്തേക്ക് കടന്നുവരാനുള്ള പ്രചോദനം. അമ്മ നിർബന്ധം പിടിച്ചപ്പോൾ അച്ഛൻ മറുത്തൊന്നും പറഞ്ഞില്ല. മാത്രമല്ല, അഭിനയജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളിലെല്ലാം കൂടെ ഉറച്ചുനിൽക്കുകയും ചെയ്തു.
കൗമാരക്കാരിയായ സരസ്വതി ( ശാരദയുടെ യഥാർത്ഥ പേര് ) സിനിമയിൽ അഭിനയിക്കുന്നത് ഒട്ടും ഉൾക്കൊള്ളാനാവില്ലായിരുന്നു കുടുംബാംഗങ്ങൾക്ക്. “ആ തീരുമാനം അവരെ ശരിക്കും ചൊടിപ്പിച്ചു, അവരാരും പിന്നെ ഞങ്ങളോട് സംസാരിച്ചുപോലുമില്ല. അത്രക്കുണ്ടായിരുന്നു ദേഷ്യം. എന്നാൽ അച്ഛൻ അതുകൊണ്ടൊന്നും കുലുങ്ങിയില്ല. പിണങ്ങുന്നവർ പിണങ്ങട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.”
ആശംസകൾ നേരാൻ വിളിച്ചപ്പോൾ ഒരു കൗതുകം കൂടി പങ്കുവെച്ചു ശാരദ. “അറിയുമോ? എന്റെ വേരുകൾ നിങ്ങളുടെ നാട്ടിലാണ്. അതുകൊണ്ടാവും ഇപ്പോഴും ഒരു തടസ്സവുമില്ലാതെ മലയാളം പറയാൻ കഴിയുന്നത്. പറയുക മാത്രമല്ല അത്യാവശ്യം വായിക്കുകയും ചെയ്യും.”
അങ്ങനെയൊരു കേരള ബന്ധത്തെ കുറിച്ച് മുൻപ് പറഞ്ഞുകേട്ടിരുന്നില്ല. അതുകൊണ്ടുതന്നെ അത്ഭുതം തോന്നി. “എന്റെ അമ്മൂമ്മ ശരിക്കും മലയാളിയാണ്. കോഴിക്കോടിനടുത്തുള്ള ഒരു പുരാതന തറവാട്ടിൽ ജനിച്ചു വളർന്നയാൾ. പേര് കനകം. കനകമ്മ എന്നാണ് എല്ലാവരും വിളിക്കുക. കുടുംബത്തോടൊപ്പം ആന്ധ്രയിലേക്ക് കുടിയേറുകയായിരുന്നു അവർ. തെലുങ്കനായ ഒരാളെ വിവാഹം കഴിക്കുകയും ചെയ്തു. എല്ലാം അമ്മൂമ്മ പറഞ്ഞുകേട്ട അറിവുകൾ.”
ബാല്യ കൗമാരങ്ങൾ ചെന്നൈയിലെ വീട്ടിൽ അമ്മൂമ്മയോടൊപ്പമാണ് ശാരദ ചെലവഴിച്ചത്. “കർക്കശക്കാരി ആയിരുന്നു. സിനിമയിൽ അഭിനയിക്കുമ്പോൾ അന്യപുരുഷന്മാർ എന്നെ തൊടാൻ പോലും സമ്മതിക്കില്ല.”
അധികമായിട്ടില്ല ശാരദാമ്മയുമായി സംസാരിച്ചുതുടങ്ങിയിട്ട്. സുഹൃത്തും സംഗീതപ്രേമിയുമായ ഡോ ഗോപാലകൃഷ്ണൻ വഴിയാണ് അവരെ പരിചയം. കുട്ടികളില്ലാത്ത അമ്മയ്ക്ക് ഗോപാലകൃഷ്ണൻ പുത്രതുല്യൻ. ഇരുവരും സംസാരിക്കാത്ത ദിനങ്ങൾ അപൂർവം. പ്രധാനപ്പെട്ട ചടങ്ങുകളിൽ പങ്കെടുക്കേണ്ടി വരുമ്പോഴെല്ലാം ഗോപാലകൃഷ്ണനും തനിക്കൊപ്പം ഉണ്ടാവണം എന്ന് നിർബന്ധമുണ്ട് ശാരദയ്ക്ക്. ശാരദ എന്ന വ്യക്തിയുടെ ഉള്ളിലെ നന്മയെക്കുറിച്ച്, സഹജീവിസ്നേഹത്തെ കുറിച്ച് അധികം കേട്ടറിഞ്ഞിട്ടുള്ളത് ഗോപാൽജിയിൽ നിന്നാണ്. സിനിമയും രാഷ്ട്രീയവുമെല്ലാം കൂടിക്കുഴഞ്ഞുകിടക്കുന്ന സംഭവബഹുലമായ ആ ജീവിതം അവർക്കെന്ത് തിരികെ നൽകി എന്നറിയുമ്പോൾ വേദന തോന്നും. ഇതിലും നല്ലൊരു ജീവിത സായാഹ്നം അവർ അർഹിച്ചിരുന്നു എന്ന് ബോധ്യമുള്ളതുകൊണ്ടാവാം.
വൈകി വന്നെത്തിയ ഈ പുരസ്കാരം — ജെ സി ഡാനിയൽ അവാർഡ് — ഏറെ ആഹ്ളാദപ്രദമാകുന്നത് അതുകൊണ്ടുകൂടിയാണ്. “അമൂല്യമാണ് എനിക്കീ അംഗീകാരം. സിനിമാലോകത്ത് ഞാൻ കണ്ട ഏറ്റവും നന്മനിറഞ്ഞ വ്യക്തിയായിരുന്ന പ്രേംനസീറിന്റെ ഓർമ്മദിനത്തിൽ കൈവന്ന നേട്ടമായതുകൊണ്ട് പ്രത്യേകിച്ചും.”– പുരസ്കാര ലബ്ധിയിൽ അഭിനന്ദിക്കാൻ വിളിച്ചപ്പോൾ ശാരദ പറഞ്ഞു. ജന്മം കൊണ്ട് തെലുങ്കുനാട്ടുകാരിയെങ്കിലും മനസ്സ് കൊണ്ട് എന്നും മലയാളിയാണ് താനെന്ന് പറയുമ്പോൾ ശാരദയുടെ തൊണ്ട ഇടറിയോ?
“മലയാളികളെപ്പോലെ എന്നെ സ്നേഹിച്ചവർ ഉണ്ടാവില്ല. സ്വന്തം കൂടപ്പിറപ്പിനെപ്പോലെ, അമ്മയെപ്പോലെ, മകളെപ്പോലെ എന്നെ ചേർത്തുപിടിച്ചവർ. ഇതാ ഇപ്പോഴും ആ സ്നേഹബന്ധം തുടരുന്നു. “ഏറ്റവും നല്ല ഉദാഹരണം ഡോ ഗോപാലകൃഷ്ണൻ തന്നെ. എന്തൊരു സ്നേഹമാണെന്നോ എന്നോട്. എന്തോ പൂർവ്വജന്മ ബന്ധമുണ്ടെന്ന് തോന്നുന്നു ഞങ്ങൾ തമ്മിൽ. കന്മഷമില്ലാത്ത അത്തരം സ്നേഹങ്ങളല്ലേ നമ്മളെ മുന്നോട്ട് കൈപിടിച്ച് നടത്തുന്നത്…..”
ഓരോ തവണയും ശാരദാമ്മയുമായി സംസാരിച്ചു ഫോൺ വെക്കുമ്പോൾ നിർവചനാതീതമായ ഒരു ശൂന്യത മനസ്സിനെ പൊതിയും; സുഖദമായ ഒരു വേനൽ മഴ പൊടുന്നനെ നിലച്ച പ്രതീതി. തെന്നിന്ത്യയുടെ മുഴുവൻ അഭിമാനമായ ഒരു അഭിനേത്രിയിൽ നിന്ന് ഇത്രയൊക്കെ സ്നേഹം ഏറ്റുവാങ്ങാൻ എനിക്കെന്തർഹത എന്ന് സ്വയം ചോദിക്കും മനസ്സ്.

