അതിഗംഭീര സാംസ്‌കാരിക വിരുന്നൊരുക്കി സരസ് മേള;പ്രധാന വേദിയുള്‍പ്പെടെ മൂന്ന് വേദികള്‍, ദേശിയപ്രാദേശിക കലാകാരന്മാര്‍ അണിനിരക്കും

സരസ് മേളയുടെ ഭാഗമായി മുലയംപറമ്പ് മൈതാനത്ത് ഒരുക്കിയിട്ടുള്ളത് അതിഗംഭീര സാംസ്‌കാരിക വിരുന്ന്.പ്രധാന വേദിയുള്‍പ്പെടെ മൂന്ന് വേദികളാണ് മേളയ്ക്ക് ഒരുക്കിയിട്ടുള്ളത്. മേളയ്ക്ക് മുന്നോടിയായി ജനുവരി ഒന്നിന് വൈകിട്ട് ആറിന്് വയലിന്‍ മ്യൂസിക് ബാന്‍ഡ് ഷോയും, 7.30 ന് ഉറവ് – പ്രസീത ചാലക്കുടിയുടെ നാടന്‍ പാട്ടും ഉണ്ടായിരിക്കും.

സരസ് മേളയുടെ ആദ്യ ദിനമായ ജനുവരി രണ്ടിന് രാത്രി ഏഴിന്് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, ശരത്, പ്രകാശ് ഉള്ളേരി എന്നിവര്‍ അവതരിപ്പിക്കുന്ന ത്രയ മ്യൂസിക്കല്‍ ഫ്യൂഷന്‍ അരങ്ങേറും. ജനുവരി മൂന്നിന് രാത്രി ഏഴ് മണിക്ക് സിനിമാതാരം നവ്യ നായര്‍ അവതരിപ്പിക്കുന്ന സോളോ ഭരതനാട്യം കച്ചേരിയും ജനുവരി നാലിന് വൈകീട്ട് ഏഴിന് റിമി ടോമി അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക് ഷോയും ഉണ്ടായിരിക്കും.

ജനുവരി അഞ്ചിന് ഗായിക പുഷ്പാവതി അവതരിപ്പിക്കുന്ന ഗാനസന്ധ്യ, ജനുവരി ആറിന് ഡോ. ആര്‍എല്‍വി രാമകൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന മോഹിനിയാട്ടവും ഗംഗ ശശിധരന്റെ വയലിന്‍ മ്യൂസിക്കും, ജനുവരി ഏഴിന് ഷഹബാസ് അമന്‍ അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക് ഷോ, ജനുവരി എട്ടിന് ബിന്‍സിയും ഇമാമും അവതരിപ്പിക്കുന്ന സൂഫി മിസ്റ്റിക്ക് സംഗീതം, ജനുവരി ഒന്‍പതിന് സൂരജ് സന്തോഷ് അവതരിപ്പിക്കുന്ന ലൈവ് ഷോ, ജനുവരി പത്തിന് സ്റ്റീഫന്‍ ദേവസ്സി അവതരിപ്പിക്കുന്ന ബാന്‍ഡ് ലൈവ് എന്നിവയും ഉണ്ടായിരിക്കും. സമാപന ദിവസമായ ജനുവരി 11ന് ഗായിക സിതാര കൃഷ്ണകുമാറിന്റെ പ്രൊജക്ട മലബാറിക്കസ് മ്യൂസിക് ഷോയും നടക്കും.

കൂടാതെ പ്രാദേശിക കലാകാരന്മാരുടെയും കുടുംബശ്രീ അംഗങ്ങളുടെയും കലാപരിപാടികളും എല്ലാ ദിവസവും ഉണ്ടാകും. തൃത്താലയിലെ കലാസാംസ്‌കാരിക രംഗത്ത് മികവ് പുലര്‍ത്തിയ 300ല്‍ പരം വ്യക്തികളെ മേളയില്‍ ആദരിക്കും.

സരസ് മേളയുടെ ഭാഗമായി 50 രൂപമാത്രം വിലവരുന്ന സമ്മാനക്കൂപ്പണിലൂടെ നിരവധി സമ്മാനങ്ങളാണ് വിജയികള്‍ക്ക് ലഭിക്കുക. ഒന്നാം സമ്മാനം സ്വിഫ്റ്റ് കാര്‍, രണ്ടാം സമ്മാനമായി ബൈക്ക്. മൂന്നാം സമ്മാനമായി എല്‍.ഇ.ഡി ടി.വി, നാലാം സമ്മാനമായി ഫ്രിഡ്ജ് എന്നിവ ലഭിക്കും. ഇതു കൂടാതെ സ്വര്‍ണ നാണയങ്ങള്‍ ഉള്‍പ്പെടെ നിരവധി പ്രോത്സാഹന സമ്മാനങ്ങളും ഉണ്ട്. സരസ് മേളയുടെ സമാപനത്തോടനുബന്ധിച്ചാണ് നറുക്കെടുപ്പ്.

Leave a Reply

Your email address will not be published. Required fields are marked *