മധുര: രാജ്യത്തെ നടുക്കിയ തമിഴ്‌നാട്ടിലെ സാത്താൻകുളം കസ്റ്റഡി മരണക്കേസിൽ കുറ്റക്കാരായ ഒൻപത് പോലീസുകാർക്കും മധുര ജില്ലാ കോടതി വധശിക്ഷ വിധിച്ചു. ജയരാജ്, മകൻ ബെനിക്സ് എന്നിവർ പോലീസ് കസ്റ്റഡിയിൽ ക്രൂരമായ മർദ്ദനമേറ്റു മരിച്ച സംഭവത്തിലാണ് ചരിത്രപരമായ ഈ വിധി.
സാത്താൻകുളം മുൻ ഇൻസ്പെക്ടർ ശ്രീധർ, സബ് ഇൻസ്പെക്ടർമാരായ ബാലകൃഷ്ണൻ, രഘു ഗണേഷ് എന്നിവരടക്കം ഒൻപത് പോലീസുകാർക്കാണ് കോടതി വധശിക്ഷ വിധിച്ചത്. കൊലപാതകം, തെളിവ് നശിപ്പിക്കൽ, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ഇവർക്കെതിരെ തെളിയിക്കപ്പെട്ടു.
2020 ജൂണിൽ കോവിഡ് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് കട തുറന്നു എന്ന് ആരോപിച്ചാണ് മൊബൈൽ ഷോപ്പ് ഉടമയായ ജയരാജിനെയും മകൻ ബെനിക്സിനെയും പോലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിൽ വെച്ച് ഇവർ ക്രൂരമായ ലൈംഗിക അതിക്രമങ്ങൾക്കും ശാരീരിക മർദ്ദനങ്ങൾക്കും ഇരയായി.ഗുരുതരമായി പരിക്കേറ്റ ബെനിക്സ് ജൂൺ 22-നും പിതാവ് ജയരാജ് ജൂൺ 23-നും കോവിൽപെട്ടി സബ് ജയിലിൽ വെച്ച് മരണപ്പെട്ടു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഇവരുടെ ശരീരത്തിൽ നിരവധി മുറിവുകൾ കണ്ടെത്തിയിരുന്നു.കേസ് ആദ്യം സിബിസിഐഡിയും പിന്നീട് സിബിഐയുമാണ് അന്വേഷിച്ചത്. പോലീസുകാർ ചേർന്ന് ആസൂത്രിതമായി നടത്തിയ കൊലപാതകമാണിതെന്ന് സിബിഐ കോടതിയിൽ ബോധിപ്പിച്ചു.
അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസായി പരിഗണിച്ചാണ് കോടതി പ്രതികൾക്ക് പരമാവധി ശിക്ഷ നൽകിയത്. ക്രമസമാധാനം പാലിക്കേണ്ടവർ തന്നെ നിയമം കയ്യിലെടുത്ത് നിരപരാധികളെ കൊലപ്പെടുത്തിയത് നീതീകരിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ നീതി ലഭിച്ചതിൽ സംതൃപ്തരാണെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബം പ്രതികരിച്ചു. പോലീസ് അതിക്രമങ്ങൾക്കെതിരെയുള്ള ശക്തമായ മുന്നറിയിപ്പാണ് ഈ വിധിയെന്ന് മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടി.

