റിയാദ്: സൗദി അറേബ്യയുടെ ആകാശപരിധി ലംഘിച്ചെത്തിയ ഇറാനിയൻ ക്രൂയിസ് മിസൈലുകളെയും ഡ്രോണുകളെയും സൗദി പ്രതിരോധ സേന വിജയകരമായി വെടിവെച്ചിട്ടു. ബുധനാഴ്ച (2026 മാർച്ച് 4) തലസ്ഥാനമായ റിയാദിന് തെക്കുകിഴക്കുള്ള അൽ-ഖർജ് മേഖലയ്ക്ക് മുകളിൽ വെച്ചാണ് മിസൈലുകൾ തകർത്തതെന്ന് സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
രണ്ട് ക്രൂയിസ് മിസൈലുകളും ഒൻപത് ഡ്രോണുകളുമാണ് സൗദി അതിർത്തിക്കുള്ളിലേക്ക് പ്രവേശിച്ചത്. ഇവ റിയാദിലെ തന്ത്രപ്രധാനമായ മേഖലകളെ ലക്ഷ്യം വെച്ചായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.മിസൈലുകൾ അൽ-ഖർജ് ഗവർണറേറ്റിൽ വെച്ച് തകർത്തു. ഡ്രോണുകൾ അതിർത്തി കടന്ന ഉടനെ തന്നെ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് വെടിവെച്ചിട്ടതായി പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി വ്യക്തമാക്കി.
ആക്രമണത്തിൽ ആർക്കും പരിക്കേൽക്കുകയോ ഭൗതികമായ നാശനഷ്ടങ്ങൾ സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. വിമാനത്താവളങ്ങളുടെ പ്രവർത്തനത്തെയോ സാധാരണ ജനജീവിതത്തെയോ ഇത് ബാധിച്ചില്ല.

