മുംബൈ: സ്കൂളിലെത്താന്‍ പത്തു മിനിറ്റ് വൈകിയതിന്റെ പേരില്‍ കഠിന ശിക്ഷയ്ക്ക് വിധേയയായ ആറാംക്ലാസുകാരി ശിക്ഷയുടെ ആഘാതത്തില്‍ മരണത്തിനു കീഴടങ്ങി. സ്കൂള്‍ അധികൃതര്‍ക്കെതിരേ വിദ്യാര്‍ഥിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്കി. മഹാരാഷ്ട്രയിലെ വസായ് ശ്രീ ഹനുമന്ത് വിദ്യാമന്ദിര്‍ ഹൈസ്കൂളിലെ വിദ്യാര്‍ഥിനു കാജല്‍ ഗോണ്ടിനു ക്ലാസിലെത്താന്‍ വൈകിയതിന് അധ്യാപകര്‍ നല്കിയ ശിക്ഷ അതി കഠിനമായിരുന്നു.
ഭാരമേറിയ സ്കൂള്‍ ബാഗ് പുറത്തേന്തിക്കൊണ്ട് നൂറുതവണ കുത്തിയിരിക്കുകയും എഴുന്നേല്ക്കുകയും ചെയ്യുന്ന സ്ക്വാറ്റ് ചെയ്യാനായിരുന്നു ആവശ്യപ്പെട്ടത്. ഇതു പൂര്‍ത്തിയാക്കിയതിനു പിന്നാലെ കുട്ടിക്ക് അതികഠിനമായ നട്ടെല്ല് വേദന അനുഭവപ്പെടുകയും വൈകുന്നേരത്തോടെ രൂക്ഷമാകുകയുമായിരുന്നു. വിദ്യാര്‍ഥിനി സംഭവിച്ച കാര്യങ്ങള്‍ മാതാപിതാക്കളോടു വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് അവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും കാര്യങ്ങള്‍ കൈവിട്ടു പോയിരുന്നു. സ്ഥലത്തെ ആശുപത്രിയില്‍ നിന്ന് മുംബൈ ജെജെ ആശുപത്രിയിലേക്കു റഫര്‍ ചെയ്തെങ്കിലും അവര്‍ക്കും ജീവന് രക്ഷിക്കാനായില്ല.

