ക്വാലലംപുര്‍ 11 വര്‍ഷം മുന്‍പ് യാത്രയ്ക്കിടെ കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സ് ഫ്‌ലൈറ്റ് 370 നു വേണ്ടി കടലിനടിയില്‍ തിരച്ചില്‍ ഈ മാസം 30നു പുനരാരംഭിക്കും. യുഎസ് കമ്പനിയായ ഓഷന്‍ ഇന്‍ഫിനിറ്റി റോബട്ടിക് സാങ്കേതികവിദ്യയുടെ സഹായത്തോടെ തിരച്ചില്‍ നടത്തുമെന്നു മലേഷ്യ സര്‍ക്കാര്‍ അറിയിച്ചു. ഇന്ത്യന്‍ സമുദ്രത്തില്‍ 15,000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്ത് തിരച്ചില്‍ 55 ദിവസം നീളും.
2014 മാര്‍ച്ച് 8നു ക്വാലലംപുരില്‍നിന്നു ബെയ്ജിങ്ങിലേക്കു പറന്നുയര്‍ന്ന ബോയിങ് 777 വിമാനം താമസിയാതെ റഡാറില്‍നിന്ന് അപ്രത്യക്ഷമായി. 239 പേരാണു വിമാനത്തിലുണ്ടായിരുന്നത്. സഞ്ചാരപാത മാറി പറന്ന വിമാനം ഇന്ത്യന്‍ സമുദ്രത്തില്‍ തകര്‍ന്നുവീണെന്നാണു നിഗമനം. കിഴക്കന്‍ ആഫ്രിക്കന്‍ തീരത്തു ചില വിമാനഭാഗങ്ങള്‍ അടിഞ്ഞെങ്കിലും വിമാനം തകര്‍ന്നുവീണ സ്ഥലം കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിരുന്നില്ല. 2018 ല്‍ ഓഷന്‍ ഇന്‍ഫിനിറ്റി നടത്തിയ തിരച്ചിലും വിജയിച്ചില്ല.

