ജനീവ: ആഗോളതലത്തിൽ ഏറെ ഉറ്റുനോക്കപ്പെടുന്ന അമേരിക്ക-ഇറാൻ ആണവ ചർച്ചകളുടെ രണ്ടാം ഘട്ടം ഈ ആഴ്ച സ്വിറ്റ്സർലൻഡിലെ ജനീവയിൽ നടക്കും. നിലനിൽക്കുന്ന സൈനിക സംഘർഷ സാധ്യതകൾ ലഘൂകരിക്കാനും ആണവ കരാറിൽ ധാരണയിലെത്താനുമാണ് ഇരുരാജ്യങ്ങളും വീണ്ടും മേശയ്ക്കരികിലെത്തുന്നത്.
ഒമാൻ ആണ് ഈ ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്നത്. യുറേനിയം സമ്പുഷ്ടീകരണം പൂർണ്ണമായും അവസാനിപ്പിക്കണമെന്നതാണ് ട്രംപ് ഭരണകൂടത്തിന്റെ പ്രധാന ആവശ്യം. എന്നാൽ, മിസൈൽ പരീക്ഷണങ്ങളിലും പ്രാദേശിക സഖ്യകക്ഷികൾക്കുള്ള പിന്തുണയിലും നിയന്ത്രണം വേണമെന്ന അമേരിക്കയുടെ നിലപാടിനോട് ഇറാൻ ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല.
മേഖലയിൽ അമേരിക്കൻ നാവികസേനയുടെ സാന്നിധ്യം വർദ്ധിപ്പിച്ചും ഇറാനെതിരെ ശക്തമായ ഉപരോധങ്ങൾ ഏർപ്പെടുത്തിയും ട്രംപ് ഭരണകൂടം സമ്മർദ്ദം ചെലുത്തുന്നതിനിടയിലാണ് ഈ ചർച്ചകൾ നടക്കുന്നത്. യുക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങളും ഇതിന് പിന്നാലെ ജനീവയിൽ നടക്കുമെന്ന് റിപ്പോർട്ടുകളുണ്ട്

