സുരക്ഷ മുന്നൊരുക്കം: കളക്ടറേറ്റില്‍ മോക്ഡ്രില്‍ നടത്തി.

ഇടുക്കി: തീപിടുത്തമുണ്ടായാല്‍ അതിവേഗം രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനുള്ള സംവിധാനങ്ങളുടെ കാര്യക്ഷമത വിലയിരുത്തുന്നതിന്റെ ഭാഗമായി ഇടുക്കി കളക്ടറേറ്റ് വളപ്പില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ മോക് ഡ്രില്‍ നടത്തി. ജില്ലാ പ്ലാനിങ് ഓഫീസിന്റെ രണ്ടാംനിലയില്‍ തീപിടിത്തമുണ്ടാകുന്നതും അഗ്നിരക്ഷാ സേനയെത്തി മുകള്‍നിലയില്‍ കുടുങ്ങിക്കിടന്ന ജീവനക്കാരെ രക്ഷിക്കുന്നതും ആബുലന്‍സില്‍ ആശുപത്രിയിലേക്കു മാറ്റുന്നതും വരെയുള്ള നടപടികളാണ് മോക്ഡ്രില്ലിന്റെ ഭാഗമായി സംഘടിപ്പിച്ചത്. കളക്ടറേറ്റിലെ ദുരന്തനിവാരണകേന്ദ്രത്തില്‍ നിന്ന് പോലീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, റവന്യു വകുപ്പുകളിലേക്ക് അപകടം ഉണ്ടായ സമയം തന്നെ വിവരങ്ങള്‍ കൈമാറി. പതിനഞ്ചു മിനിറ്റിനുള്ളില്‍ തന്നെ ഫയര്‍ എഞ്ചിനുകളും ആംബുലന്‍സുകളും സംഭവസ്ഥലത്തെത്തി.

തീപ്പിടിത്തം ശ്രദ്ധയില്‍പ്പെട്ട ഉടനെ അലാറം മുഴക്കി ജീവനക്കാരെ ഓഫീസ് മുറികളില്‍നിന്ന് ഒഴിപ്പിച്ചു. അഗ്നിരക്ഷാസേന തീ അണച്ചതിന് ശേഷം മുകളില്‍ കുടുങ്ങിക്കിടന്നിരുന്നവരെ താഴെ എത്തിച്ചു. മെഡിക്കല്‍ ടീം പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം അപകടത്തില്‍ പെട്ടവരെ ആംബുലന്‍സില്‍ ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

അഗ്നിരക്ഷാസേന ഇടുക്കി സ്റ്റേഷന്‍ ഓഫീസര്‍ അഖിന്‍ സി, കട്ടപ്പന സ്റ്റേഷന്‍ ഓഫീസര്‍ ജ്യോതിഷ് കുമാര്‍ സി. എന്നിവരുടെ നേതൃത്വത്തിലുള്ള രണ്ടു യൂണിറ്റ് ഫയര്‍ എന്‍ജിനുകളും ആംബുലന്‍സുകളും മോക്ഡ്രില്ലില്‍ അണി നിരന്നു. സിവില്‍ ഡിഫന്‍സ് ഫോഴ്‌സ് അംഗങ്ങള്‍ വോളന്റിയര്‍മാരായി പ്രവര്‍ത്തിച്ചു. പോലീസ് അധികൃതര്‍ ഗതാഗതം നിയന്ത്രിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ആംബുലന്‍സ് ഉള്‍പ്പെടെ മെഡിക്കല്‍ സംഘത്തെയും നിയോഗിച്ചിരുന്നു.

മോക്ഡ്രില്ലിന് ശേഷം ചേര്‍ന്ന അവലോകനയോഗത്തില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളും നേരിട്ട ബുദ്ധിമുട്ടുകളും തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ഷൈജു പി ജേക്കബ്, ഡിവൈ.എസ്. പി. രാജന്‍ കെ അരമന, ഹസാര്‍ഡ് അനലിസ്റ്റ് രാജീവ് ടി. ആര്‍., ഡി.എം.ഒ. ഡോ. സതീഷ് കെ., എന്നിവര്‍ നടപടികള്‍ ഏകോപിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *