ഭീകരവാദത്തെ നിസാരവത്കരിക്കുന്നു; അല്‍ബനീസിക്ക് ഭരണത്തില്‍ തുടരാന്‍ അര്‍ഹതയില്ല’ പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സെനറ്റര്‍ ഷോണ്‍ ബെല്‍

സിഡ്നി: ബോണ്ടിയിലുണ്ടായ ആക്രമണം തീവ്ര ഇസ്ലാമിക ഭീകരവാദമാണെന്ന് തുറന്നു സമ്മതിക്കാന്‍ പ്രധാനമന്ത്രി ആന്തണി അല്‍ബനീസി തയ്യാറാകണമെന്ന് വണ്‍ നേഷന്‍ സെനറ്റര്‍ ഷോണ്‍ ബെല്‍.രാജ്യത്തെ നയിക്കാന്‍ അല്‍ബനീസി അപ്രാപ്തനാണെന്നും ഭീകരവാദത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ അദ്ദേഹം വിമുഖത കാണിക്കുകയാണെന്നും സെനറ്റര്‍ കുറ്റപ്പെടുത്തി.ഡിസംബര്‍ 15-ന് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ന്യൂ സൗത്ത് വെയില്‍സില്‍ നിന്നുള്ള സെനറ്റര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

ബോണ്ടിയില്‍ നടന്നത് ഭീകരാക്രമണമാണെന്നത് വസ്തുതയാണ്.എന്നാല്‍ ആക്രമണകാരികളെ ‘മനോനില തെറ്റിയവര്‍’ എന്നോ ‘ഒറ്റപ്പെട്ടവര്‍’ എന്നോ വിശേഷിപ്പിച്ച് യഥാര്‍ത്ഥ ഭീകരവാദത്തെ നിസ്സാരവല്‍ക്കരിച്ച് പ്രത്യയശാസ്ത്രത്തെ മറച്ചുപിടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ആക്രമണം നടത്തിയവര്‍ ഐസിസ് (ISIS) പതാക ഉപേക്ഷിച്ചാണ് പോയതെന്നും, 15 പേരുടെ മരണത്തിനും 40 പേര്‍ക്ക് പരിക്കേല്‍ക്കാനും കാരണമായ ഈ ക്രൂരതയ്ക്ക് പിന്നില്‍ വ്യക്തമായ ഭീകരവാദ അജണ്ടയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഭീകരവാദത്തെ അനുകൂലിക്കുന്ന ഇരട്ട പൗരത്വമുള്ളവരുടെ ഓസ്ട്രേലിയന്‍ പൗരത്വം റദ്ദാക്കി അവരെ ഉടന്‍ നാടുകടത്തണം. ഓസ്ട്രേലിയന്‍ പൗരന്മാരല്ലാത്ത അനുഭാവികളെയും തടവിലാക്കുകയോ പുറത്താക്കുകയോ വേണമെന്നും ആവശ്യപ്പെട്ടു

ഓസ്ട്രേലിയന്‍ ജനതയുടെ സുരക്ഷ ഉറപ്പാക്കാന്‍ കഴിയാത്ത അല്‍ബനീസി സര്‍ക്കാര്‍ അധികാരത്തില്‍ തുടരാന്‍ യോഗ്യരല്ലെന്ന് സെനറ്റര്‍ ആഞ്ഞടിച്ചു.നമ്മുടെ സ്‌കൂളുകളില്‍ നിന്നും തെരുവുകളില്‍ നിന്നും ഇത്തരം തീവ്രവാദ ചിന്താഗതികളെ വേരോടെ പിഴുതെറിയാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സെനറ്റര്‍ ഷോണ്‍ ബെല്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *