തൊടുപുഴ : വോട്ടിംഗ് ശതമാനം വർധിപ്പിക്കാൻ വേറിട്ട മാതൃകയുമായി ഇടുക്കി. ജനാധിപത്യ പ്രക്രിയയിൽ മാതൃകാപരമായ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി തൊടുപുഴ നിയോജക മണ്ഡലത്തിൽ വേറിട്ടൊരു തിരഞ്ഞെടുപ്പ് പ്രചാരണ ത്തിന് തുടക്കമിടുന്നു. ഏപ്രിൽ 9 ന് വോട്ടെടുപ്പ് ദിനത്തിൽ തൊടുപുഴ നിയോജക മണ്ഡലത്തിലെ 229 പോളിംഗ് സ്റ്റേഷനുകളിലും ആദ്യ വോട്ട് രേഖപ്പെടുത്തുന്നത് മുതിർന്ന പൗരന്മാരായിരിക്കും. അനുഭവ സമ്പത്തിനോടുള്ള ആദരവും, പൗരബോധവും ഉയർത്തിപ്പിടിക്കുന്ന ഈ നീക്കം ജനാധിപത്യ മൂല്യങ്ങളെ ശക്തിപ്പെടുത്താൻ ലക്ഷ്യമിടുന്നു. ജില്ലാ ഭരണകൂടത്തിന്റെ സ്വീപ്പ് (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യുക്കേഷൻ ആൻ്റ് ഇലക്ട്രൽ പാർട്ടിസിപ്പേഷൻ) പ്രവർത്തനങ്ങളുടെ ഭാഗമായാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
രാവിലെ 7 മണിക്ക് വോട്ടെടുപ്പ് ആരംഭിക്കുമ്പോൾ ഓരോ ബൂത്തിലും നിശ്ചയിക്കപ്പെട്ട മുതിർന്ന പൗരൻ/പൗര ആദ്യ വോട്ടറായി മാറും.”നമ്മുടെ മുതിർന്നവർക്ക് വോട്ട് ചെയ്യാൻ ആദ്യം എത്താമെങ്കിൽ, മറ്റുള്ളവർക്കും അത് സാധിക്കും” എന്ന ശക്തമായ സന്ദേശമാണ് ഇതിലൂടെ പൊതുസമൂഹത്തിന് നൽകുന്നത്. രാവിലെ തന്നെയുള്ള പോളിംഗ് വർധിപ്പിക്കുക, മുതിർന്ന പൗരന്മാരോടുള്ള ആദരവും ജനാധിപത്യത്തിലെ അവരുടെ പങ്കാളിത്തവും ഉറപ്പാക്കുക, വോട്ട് ചെയ്യുന്നത് ഒരു പൗരധർമ്മമാണെന്ന ബോധ്യം പുതുതലമുറയിൽ വളർത്തുക, യുവ വോട്ടർമാരെ വോട്ട് ചെയ്യാൻ പ്രചോദിപ്പിക്കുക. എന്നീ ലക്ഷ്യങ്ങളാടെയാണ് പദ്ധതി നടപ്പാക്കുന്നത്.
സംസ്ഥാനത്ത് ആദ്യമായാണ് ഒരു നിയോജക മണ്ഡലത്തിൽ മുഴുവൻ ബൂത്തുകളിലും ഇത്തരത്തിൽ ഏകോപിതമായ രീതിയിൽ പദ്ധതി നടപ്പിലാക്കുന്നത്. ഓരോ പ്രദേശത്തെയും തിരഞ്ഞെടുത്ത മുതിർന്ന പൗരന്മാർക്ക് തടസ്സങ്ങളില്ലാതെ വോട്ട് രേഖപ്പെടുത്തുന്നതിന് ആവശ്യമായ എല്ലാ ഗതാഗത-സഹായ സൗകര്യങ്ങളും ജില്ലാ ഭരണകൂടം ഉറപ്പാക്കിയിട്ടുണ്ട്.
മുതിർന്ന പൗരന്മാരെ ജനാധിപത്യത്തിന്റെ മുൻനിരയിൽ നിർത്തിക്കൊണ്ട് വോട്ടിംഗ് ശതമാനം ഉയർത്തുന്നതിനൊപ്പം പൗരബോധമുള്ള ഒരു സമൂഹത്തെ കെട്ടിപ്പടുക്കുക കൂടിയാണ്. ‘മുതിർന്നവരുടെ അനുഭവക്കരുത്ത് തൊടുപുഴയ്ക്ക് വഴികാട്ടിയാവട്ടെ’ എന്ന ആപ്തവാക്യത്തിലൂന്നിയാണ് തിരഞ്ഞെടുപ്പ് ബോധവത്കരണ പ്രവർത്തനങ്ങളെന്നും പദ്ധതി മറ്റ് മണ്ഡലങ്ങളിലും നടപ്പാക്കാവുന്നതാണെന്നും സബ് കളക്ടർ അനൂപ് ഗാർഗ് പറഞ്ഞു.

