സിഡ്നി: ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയ്‌ൽസിലുള്ള സെൻട്രൽ കോസ്റ്റ് മേഖലയിൽ 25 വർഷങ്ങൾക്ക് മുൻപ് നടന്ന ലൈംഗികാക്രമണ പരമ്പരയിൽ 73-കാരൻ പിടിയിലായി. റോഡ്‌നി ഫെയ്‌ത്ത്‌ഫുൾ എന്നയാളെയാണ് കഴിഞ്ഞ വെള്ളിയാഴ്ച എൻ.എസ്.ഡബ്ല്യു-ക്വീൻസ്‌ലാൻഡ് അതിർത്തിക്കടുത്തുള്ള മുർവില്ലുംബയിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. അത്യാധുനിക ഡി.എൻ.എ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് കാൽനൂറ്റാണ്ടായി തെളിയാതിരുന്ന ഈ കേസിലെ പ്രതിയെ പോലീസ് വലയിലാക്കിയത്.
1997 ഒക്ടോബർ 4 മുതൽ 1999 ആഗസ്റ്റ് 28 വരെയുള്ള കാലയളവിൽ സെൻട്രൽ കോസ്റ്റിലെ വിവിധ ബീച്ചുകളിൽ വെച്ച് അഞ്ച് സ്ത്രീകളെയും കൗമാരക്കാരികളെയും ഇയാൾ ആക്രമിച്ചതായാണ് പോലീസ് കണ്ടെത്തൽ. ഷെല്ലി ബീച്ച്, ഫോറസ്റ്റേഴ്സ് ബീച്ച്, ബഡ്ജിഗോയ് ബീച്ച്, പുട്ടി ബീച്ച് എന്നിവിടങ്ങളിലായിരുന്നു ആക്രമണങ്ങൾ നടന്നത്. ‘സ്ട്രൈക്ക് ഫോഴ്സ് നോർത്ത്ഗേറ്റ്’ എന്ന പേരിൽ അക്കാലത്ത് അന്വേഷണം നടന്നിരുന്നെങ്കിലും പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പിന്നീട് 2022-ൽ സ്റ്റേറ്റ് ക്രൈം കമാൻഡിന്റെ സെക്സ് ക്രൈം സ്ക്വാഡ് കേസ് വീണ്ടും ഏറ്റെടുക്കുകയായിരുന്നു.
പ്രതി രക്ഷപ്പെടാൻ ഉപയോഗിച്ചതെന്ന് കരുതുന്ന വെള്ള ടൊയോട്ട യൂട്ടിലിറ്റി വാഹനത്തിന്റെ (ute) ചിത്രം പോലീസ് ഈ ആഴ്ച ആദ്യം പുറത്തുവിട്ടിരുന്നു. ഇതിനൊപ്പം ‘ഫോറൻസിക് ഇൻവെസ്റ്റിഗേറ്റീവ് ജനറ്റിക് ജിനിയോളജി’എന്ന നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് വിവിധ കുറ്റകൃത്യങ്ങളിൽ നിന്ന് ലഭിച്ച ഡി.എൻ.എ പ്രൊഫൈലുകൾ താരതമ്യം ചെയ്തതാണ് അന്വേഷണത്തിൽ നിർണ്ണായകമായത്.
അറസ്റ്റ് ചെയ്ത പ്രതിയെ ട്വീഡ് ഹെഡ്‌സ് പോലീസ് സ്റ്റേഷനിലെത്തിച്ച് ആറ് വ്യത്യസ്ത കുറ്റങ്ങൾ ചുമത്തി. ശനിയാഴ്ച കോടതിയിൽ ഹാജരാക്കിയ ഇയാൾക്ക് ജാമ്യം നിഷേധിച്ചു. ഫെബ്രുവരി 20-ന് പ്രതിയെ വീണ്ടും കോടതിയിൽ ഹാജരാക്കും. പതിറ്റാണ്ടുകൾക്ക് മുൻപുള്ള ഇരകൾക്ക് നീതി ലഭിക്കുന്നതിൽ ഈ അറസ്റ്റ് വലിയൊരു നാഴികക്കല്ലാണെന്ന് പോലീസ് അധികൃതർ വ്യക്തമാക്കി

