അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയൻ പ്രതിരോധ നിയമങ്ങൾ ലംഘിച്ച് വിദേശ സൈന്യത്തിന് വേണ്ടി യുദ്ധം ചെയ്തെന്നാരോപിക്കപ്പെട്ട ഓസ്‌ട്രേലിയൻ ആർമി റിസർവിസ്റ്റ് ഇന്ന് അഡ്‌ലെയ്ഡ് കോടതിയിൽ ഹാജരാകും. കൃത്യമായ അനുമതിയില്ലാതെ വിദേശ സൈന്യത്തിൽ ജോലി ചെയ്തതിന് ഒരാൾക്കെതിരെ പ്രതിരോധ നിയമപ്രകാരം കേസെടുക്കുന്നത് ഇതാദ്യമായാണ്.
ഫെലിക്സ്റ്റോ സ്വദേശിയായ ഇരുപത്തിയഞ്ചുകാരനാണ് പ്രതി. ഇയാൾ 2025 മെയ് മാസത്തിൽ ഉക്രെയ്നിലേക്ക് പോകുകയും റഷ്യയുമായുള്ള യുദ്ധത്തിൽ ഉക്രെയ്ൻ സായുധ സേനയ്ക്ക് വേണ്ടി ‘ഡ്രോൺ ഓപ്പറേറ്റർ’ ആയി പ്രവർത്തിക്കുകയും ചെയ്തു എന്നാണ് ആരോപണം. ഈ വർഷം ജനുവരിയിലാണ് ഇയാൾ ഓസ്‌ട്രേലിയയിൽ തിരിച്ചെത്തിയത്.
ഓസ്‌ട്രേലിയൻ പ്രതിരോധ വകുപ്പിന്റെ നിർദ്ദേശപ്രകാരം ഫെഡറൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കുടുങ്ങിയത്. കഴിഞ്ഞ വ്യാഴാഴ്ച (ഏപ്രിൽ 2) പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ മൊബൈൽ ഫോണും ലാപ്‌ടോപ്പും ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ പോലീസ് പിടിച്ചെടുത്തിരുന്നു. ഈ ഉപകരണങ്ങൾ പരിശോധിച്ചപ്പോൾ ഇയാൾ വിദേശ യുദ്ധത്തിൽ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ ലഭിച്ചതായും പോലീസ് അറിയിച്ചു.
കൃത്യമായ അനുമതിയില്ലാതെ വിദേശ സൈന്യത്തിലോ സർക്കാരിലോ ജോലി ചെയ്യുന്നത് ഓസ്‌ട്രേലിയൻ നിയമപ്രകാരം കുറ്റകരമാണ്. കുറ്റം തെളിയിക്കപ്പെട്ടാൽ പ്രതിക്ക് 20 വർഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാം. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

