ഗോൾഡ് കോസ്റ്റ്: ഓസ്‌ട്രേലിയയിലെ ഭവനരഹിതരെ സഹായിക്കുന്ന പ്രശസ്ത ചാരിറ്റി സംഘടനയായ ‘സെർവിംഗ് അവർ പീപ്പിൾ’ (Serving Our People) സ്ഥാപകൻ യാസ് മത്‌ബൂലി (50) ഗുരുതരമായ ലൈംഗികാതിക്രമ കേസുകളിൽ അറസ്റ്റിലായി. 14 ബലാത്സംഗക്കേസുകളും 34 ലൈംഗികാതിക്രമങ്ങളും ഉൾപ്പെടെ 51 കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഗോൾഡ് കോസ്റ്റിലെ മെർമെയ്ഡ് ബീച്ചിലുള്ള ചാരിറ്റി ഓഫീസിൽ പോലീസ് നടത്തിയ റെയ്ഡിന് പിന്നാലെയാണ് മത്‌ബൂലി കീഴടങ്ങിയത്. തനിക്ക് പരിചയമുള്ള 20 വയസ്സുള്ള മൂന്ന് യുവതികളെ കഴിഞ്ഞ ഏപ്രിൽ മുതൽ നവംബർ വരെയുള്ള കാലയളവിൽ ഇയാൾ നിരന്തരം പീഡിപ്പിച്ചു എന്നാണ് കേസ്. അതിജീവനത്തിനായി കഷ്ടപ്പെടുന്ന യുവതികളുടെ ഭയത്തെ മുതലെടുത്ത് ആസൂത്രിതമായാണ് ഇയാൾ കുറ്റകൃത്യങ്ങൾ നടത്തിയതെന്ന് പ്രോസിക്യൂഷൻ സൗത്ത്‌പോർട്ട് മജിസ്‌ട്രേറ്റ് കോടതിയിൽ വാദിച്ചു.
സംഭവം പുറത്തായതോടെ കഴിഞ്ഞ ഡിസംബറിൽ ഇയാൾ സംഘടനയുടെ സിഇഒ സ്ഥാനം ഒഴിഞ്ഞിരുന്നു. കോടതിയിൽ ഹാജരാക്കിയ മത്‌ബൂലിക്ക് കർശന ഉപാധികളോടെ മജിസ്‌ട്രേറ്റ് ജാമ്യം അനുവദിച്ചു.
ജാമ്യ വ്യവസ്ഥകൾ:പാസ്‌പോർട്ട് കോടതിയിൽ സമർപ്പിക്കണം,അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ പ്രവേശിക്കാൻ പാടില്ല.ആഴ്ചയിൽ രണ്ട് തവണ പോലീസ് സ്റ്റേഷനിൽ നേരിട്ട് ഹാജരാകണം.ഇരകളുമായി യാതൊരു തരത്തിലും ബന്ധപ്പെടാൻ ശ്രമിക്കരുത്.
ജീവകാരുണ്യ രംഗത്ത് വലിയ പേരെടുത്ത ഒരാൾ ഇത്രയും ക്രൂരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടത് പ്രാദേശിക സമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ്. കേസ് ഫെബ്രുവരി 19-ന് കോടതി വീണ്ടും പരിഗണിക്കും.

