കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിന് തിരിച്ചടി. സുധീഷ് കുമാര്‍ സമര്‍പ്പിച്ച രണ്ട് ജാമ്യാപേക്ഷകളും കൊല്ലം വിജിലന്‍സ് കോടതി തള്ളി.
റിമാന്‍ഡില്‍ കഴിയുന്ന ഒന്നാം പ്രതി ഉണ്ണികൃഷ്ണന് പോറ്റിയെയും മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെയും കസ്റ്റഡിയില്‍ വിട്ടു. കൊല്ലം വിജിലന്‍സ് കോടതിയാണ് എസ്ഐടിയുടെ കസ്റ്റഡിയില്‍ വിട്ടത്.
ഉണ്ണികൃഷ്ണന് പോറ്റിയെ കട്ടിളപ്പാളി കേസിലും മുരാരി ബാബുവിനെ ദ്വാരപാലക ശില്പ കേസിലുമാണ് അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങിയത്. വിശദമായ ചോദ്യം ചെയ്യലിന് രണ്ടു ദിവസം കസ്റ്റഡിയില്‍ വേണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു.
സ്വര്‍ണക്കൊള്ളയില്‍ ഉന്നതരുടെ പങ്ക് അടക്കം അന്വേഷിക്കുന്നതിനാണ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുന്നത്. അതേസമയം ഉണ്ണികൃഷ്ണന് പോറ്റി നല്കിയ ജാമ്യ ഹര്‍ജി 18 ന് വിജിലന്‍സ് കോടതി പരിഗണിക്കും.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ കേസ് രേഖകള്‍ ആവശ്യപ്പെട്ട് ഇഡി സമര്‍പ്പിച്ച അപേക്ഷ പരിഗണിക്കുന്നത് 17ലേക്ക് മാറ്റിവെച്ചിരുന്നു. കൊല്ലം വിജിലന്‍സ് കോടതിയിലാണ് ഇഡി അപേക്ഷ നല്‍കിയത്.

