യുഎഇയില്‍ കൊടും തണുപ്പ് ; താപനില 5 ഡിഗ്രിയിലേക്ക്, ജനങ്ങള്‍ക്ക് ജാഗ്രത മുന്നറിയിപ്പ് നല്കി അധികൃതര്‍

യുഎഇയില്‍ കൊടും തണുപ്പ് അനുഭവപ്പെടുന്ന ‘ശബാത്ത്’സീസണ്‍ ആരംഭിച്ചതോടെ ജനങ്ങള്‍ക്ക് ജാഗ്രത മുന്നറിയിപ്പ് നല്കി അധികൃതര്‍.ജനുവരി രണ്ടാം വാരത്തോടെയാണ് യുഎഇയില്‍ ഈ പ്രത്യേക ശൈത്യകാല ഘട്ടം ആരംഭിക്കുന്നത്.തണുത്ത കാറ്റും താപനിലയിലെ പെട്ടെന്നുള്ള മാറ്റവും ജനജീവിതത്തെ സാരമായി ബാധിക്കാന്‍ സാധ്യതയുണ്ട്.ഉള്‍നാടന്‍ പ്രദേശങ്ങളിലും മരുഭൂമികളിലും താപനില 5 ഡിഗ്രി സെല്‍ഷ്യസിനും താഴെ പോകാന്‍ സാധ്യതയുണ്ടെന്ന് എമിറേറ്റ്‌സ് അസ്‌ട്രോണമിക്കല്‍ സൊസൈറ്റി ചെയര്‍മാന്‍ ഇബ്രാഹിം അല്‍ ജര്‍വാന്‍ വ്യക്തമാക്കി.

വടക്കുപടിഞ്ഞാറന്‍ ഭാഗത്തുനിന്നുള്ള തണുത്ത കാറ്റ് വീശുന്നതിനാല്‍ തണുപ്പിന്റെ കാഠിന്യം കൂടുതലായി അനുഭവപ്പെടുമെന്ന മുന്നറിയിപ്പുമുണ്ട്.ജനുവരി 15 മുതല്‍: ഈ മാസം 15 മുതല്‍ ഏകദേശം 8 ദിവസം ആയിരിക്കും ഈ വര്‍ഷത്തെ ഏറ്റവും വലിയ തണുപ്പ് അനുഭവപ്പെടുക.ഫെബ്രുവരി 10-ഓടെ ശബാത്ത് സീസണ്‍ അവസാനിക്കുകയും തണുപ്പിന് നേരിയ ശമനം വരികയും ചെയ്യും.

പുലര്‍ച്ചെ സമയങ്ങളില്‍ കനത്ത മൂടല്‍മഞ്ഞിന് സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണം. പലയിടങ്ങളിലും കാഴ്ചപരിധി കുറയാന്‍ സാധ്യതയുണ്ട്.കഠിനമായ തണുപ്പും വായുവില്‍ ഈര്‍പ്പം കുറയുന്നതും ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ കാരണമായേക്കാം.വിന്റര്‍ വസ്ത്രങ്ങള്‍ ധരിക്കാനും ജാഗ്രത പാലിക്കാനും ആരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *