വിക്ടോറിയ: തുടര്‍ച്ചയായ വരള്‍ച്ചയെത്തുടര്‍ന്ന് വിക്ടോറിയയിലെ അണക്കെട്ടുകളിലെ ജലനിരപ്പ് ഗണ്യമായി കുറഞ്ഞ സാഹചര്യത്തില്‍, സംസ്ഥാനത്തെ നഗരപ്രദേശങ്ങളില്‍ കടുത്ത ജലനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. 2025 ഡിസംബര്‍ 23-ന് പുറത്തിറക്കിയ വാര്‍ഷിക ജല അവലോകന റിപ്പോര്‍ട്ട് പ്രകാരം,സംസ്ഥാനത്തെ അണക്കെട്ടുകളിലെ ശരാശരി ജലശേഖരം നിലവില്‍ 61 ശതമാനം മാത്രമാണ്. ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 18 ശതമാനത്തോളം കുറവാണ്. മെല്‍ബണിലെ ജലശേഖരത്തിലും വന്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്; 2024-25 കാലയളവില്‍ അണക്കെട്ടുകളിലേക്ക് ഒഴുകിയെത്തിയ വെള്ളത്തേക്കാള്‍ 200 ബില്യണ്‍ ലിറ്റര്‍ അധികം വെള്ളമാണ് നഗരവാസികള്‍ ഉപയോഗിച്ചത്.
മില്ലേനിയം വരള്‍ച്ചയ്ക്ക് ശേഷം അണക്കെട്ടുകളിലെ ജലനിരപ്പ് ഇത്ര വേഗത്തില്‍ താഴുന്നത് ഇതാദ്യമാണ്.
നിലവിലെ സാഹചര്യം നേരിടാന്‍ ഡീസാലിനേഷന്‍ പ്ലാന്റില്‍ നിന്നുള്ള ജലം ഉപയോഗിക്കുന്നുണ്ടെങ്കിലും, വരും മാസങ്ങളില്‍ ചൂട് കൂടുന്നതോടെ ജലക്ഷാമം രൂക്ഷമാകാന്‍ സാധ്യതയുണ്ട്. ജനസംഖ്യാ വര്‍ധനവും കുറഞ്ഞ മഴയുമാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
നിലവില്‍ ‘പെര്‍മനന്റ് വാട്ടര്‍ സേവിംഗ് റൂള്‍സ്’ പ്രാബല്യത്തിലുണ്ടെങ്കിലും, അത് പാലിക്കുന്നതില്‍ പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ ‘എവരി ഡ്രോപ്പ് കൗണ്ട്‌സ്’ എന്ന പേരില്‍ പുതിയ ജലസംരക്ഷണ ക്യാമ്പയിനും സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. വരും വര്‍ഷങ്ങളില്‍ ജലലഭ്യത ഉറപ്പാക്കാന്‍ പുനരുപയോഗ ജലം മഴവെള്ള സംഭരണം തുടങ്ങിയ ബദല്‍ മാര്‍ഗങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കേണ്ടി വരുമെന്നും അധികൃതര്‍ അറിയിച്ചു.

