മെല്‍ബണ്‍: മെല്‍ബണിലെ Endeavour Hills Specialist School മുന്‍ ജീവനക്കാരി റോഷെല്‍ സെര്‍വേര ( 34) കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ കേസില്‍ കോടതിയില്‍ ഹാജരായി. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ശക്തമായി എതിര്‍ക്കുമെന്ന് ഇവര്‍ കോടതിയെ അറിയിച്ചു.
കുട്ടികളെ ലൈംഗികമായി സ്പര്‍ശിച്ചു,കുട്ടികളെ ഉപയോഗിച്ച് അശ്ലീല ദൃശ്യങ്ങള്‍ നിര്‍മ്മിച്ചു തുടങ്ങി 12 കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.ഈ വര്‍ഷം മെയ്-ഓഗസ്റ്റ് മാസങ്ങളിലാണ് കുറ്റകൃത്യങ്ങള്‍ നടന്നതെന്നാണ് ആരോപണം.മെല്‍ബണ്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കേസ് പരിഗണിച്ചത്.മാധ്യമങ്ങള്‍ക്ക് കോടതി രേഖകള്‍ നല്‍കുന്നതിനെ പ്രതിഭാഗം അഭിഭാഷക എതിര്‍ത്തെങ്കിലും,മജിസ്ട്രേറ്റ് ആ ആവശ്യം തള്ളി.
സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ചര്‍ച്ചകള്‍ വിചാരണയെ ബാധിക്കുമെന്നും ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നും അഭിഭാഷക വാദിച്ചു.ഓട്ടിസം,മറ്റ് ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ പഠിക്കുന്ന സ്‌കൂളാണിത്. ഒക്ടോബറില്‍ വിക്ടോറിയന്‍ ഡിസെബിലിറ്റി വര്‍ക്കേഴ്‌സ് കമ്മീഷന്‍ ഇവരെ ഭിന്നശേഷി സേവന മേഖലയില്‍ ജോലി ചെയ്യുന്നതില്‍ നിന്ന് വിലക്കിയിരുന്നു.ജാമ്യത്തില്‍ കഴിയുന്ന റോഷെലിനെ മാര്‍ച്ച് 13-ന് വീണ്ടും കോടതിയില്‍ ഹാജരാക്കും.

