ധാക്ക: ബംഗ്ലാദേശിലെ രാഷ്ട്രീയ തിരിച്ചടികള്‍ക്കിടെ ഇന്ത്യയില്‍ അഭയം തേടിയ മുന്‍ പ്രധാനമന്ത്രി ഷേക്ക് ഹസീനയ്‌ക്കെതിരേ വീണ്ടും കോടതി വിധി. മൂന്ന് അഴിമതി കേസുകളിലായി 21 വര്‍ഷത്തെ തടവു ശിക്ഷയാണ് ഇപ്പോള്‍ വിധിച്ചിരിക്കുന്നത്. ഓരോ കേസിലും ഏഴു വര്‍ഷം വീതമാണ് തടവു വിധിച്ചിരിക്കുന്നത്. രാജുക് ന്യൂ ടൗണ്‍ പദ്ധതിയില്‍ പ്ലോട്ടുകള്‍ അനുവദിച്ചതിലെ അഴിമതിയുടെ പേരിലാണ് ഇപ്പോള്‍ ശിക്ഷ വന്നിരിക്കുന്നത്.
ആഴ്ചകള്‍ക്കു മുമ്പ് ബംഗ്ലാദേശ് രാജ്യാന്തര കുറ്റകൃത്യ ട്രൈബ്യൂണല്‍ ഷേക്ക് ഹസീനയ്‌ക്കെതിരേ വധിശിക്ഷ വിധിച്ചിരുന്നതാണ്. ഇതേ തുടര്‍ന്നി ഹസീനയെ വിട്ടുതരണമെന്ന് ഇന്ത്യയോട് ബംഗ്ലാദേശ് തുടര്‍ച്ചയായി ആവശ്യപ്പെട്ടു വരികയാണ്. ബംഗ്ലാദേശില്‍ ഹസീനയ്ക്ക് അധികാരം നഷ്ടപ്പെടാനിടയാക്കിയ വിദ്യാര്‍ഥി പ്രക്ഷോഭത്തെ നേരിടാനുള്ള ശ്രമത്തിനിടെ മനുഷ്യരാശിയോടു ചെയ്ത കുറ്റകൃത്യങ്ങളുടെ പേരിലായിരുന്നു വധശിക്ഷ. ഇതേ കേസില്‍ അക്കാലത്തെ ആഭ്യന്തര മന്ത്രിയായിരുന്ന അസദുസമാന്‍ ഖാന്‍ കമാലിനെതിരേയും വധശിക്ഷ വിധിക്കപ്പെട്ടിരുന്നു.

