ഷാര്‍ജ: യുഎഇയുടെ 54-ാമത് ദേശീയ ദിനാഘോഷങ്ങളോട് അനുബന്ധിച്ച്, ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഇന്‍ഡിപെന്‍ഡന്‍സ് സ്‌ക്വയര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. യുഎഇയുടെ സ്വാതന്ത്ര്യത്തിന്റെ (1971 ഡിസംബര്‍ 2) ഓര്‍മ പുതുക്കുന്നതിന്റെ ഭാഗമായി നിര്‍മിച്ച സ്‌ക്വയറും സ്വാതന്ത്ര്യ സ്മാരകവും അദ്ദേഹം രാജ്യത്തിന് സമര്‍പ്പിച്ചു. സ്‌ക്വയറിന്റെ മധ്യഭാഗത്ത് സ്ഥാപിച്ചിട്ടുള്ള 34 മീറ്റര്‍ ഉയരമുള്ള സ്മാരകത്തിന്റെ ഫലകം ഷെയ്ഖ് സുല്‍ത്താന്‍ അനാച്ഛാദനം ചെയ്തു.
ഏഴ് എമിറേറ്റുകളെ സൂചിപ്പിക്കുന്ന ഏഴ് കോണുകളുള്ള നക്ഷത്രമാണ് സ്മാരകത്തിന് മുകളിലുള്ളത്.രാജ്യത്തിന്റെ സ്വാതന്ത്ര്യ ചരിത്രപരമായ വിവരങ്ങള്‍ സ്മാരകത്തിന്റെ നാല് ഭാഗങ്ങളിലും ആലേഖനം ചെയ്തിട്ടുണ്ട്.ബ്രിട്ടിഷ് ഭരണത്തില്‍ നിന്ന് രാജ്യം സ്വതന്ത്രമായ ചരിത്ര നിമിഷങ്ങളും മുന്‍കാല ബ്രിട്ടീഷ് സൈനിക വ്യോമത്താവളത്തിന്റെ വിവരങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.സ്മാരകത്തിന് ഇരുവശത്തുമായി സ്ഥാപിച്ചിട്ടുള്ള മനോഹരമായ ജലധാരകളും പൂന്തോട്ടങ്ങളും നടപ്പാതകളും പുതിയ ലൈറ്റിങ് സംവിധാനവും ഷെയ്ഖ് സുല്‍ത്താന്‍ കണ്ട് വിലയിരുത്തി.സ്‌ക്വയറിന് ചുറ്റുമുള്ള 24 കെട്ടിടങ്ങളുടെ പുറംഭാഗങ്ങള്‍ ഷാര്‍ജയുടെ വാസ്തുവിദ്യാ ശൈലിക്കനുസരിച്ച് നവീകരിച്ച് നഗരത്തിന്റെ സൗന്ദര്യം വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതിനു പുറമെ, സ്‌ക്വയറിനോട് ചേര്‍ന്നുള്ള ഇമാം അല്‍-നവാവി പള്ളിയുടെ പുനരുദ്ധാരണവും ഷാര്‍ജ ഭരണാധികാരി ഉദ്ഘാടനം ചെയ്തു.
1995ല്‍ നിര്‍മിച്ച പള്ളി ഫാത്തിമിദ് വാസ്തുവിദ്യാ ശൈലിയില്‍ പുനഃസ്ഥാപിച്ച് വിപുലീകരിക്കുകയായിരുന്നു. ഷാര്‍ജയുടെ സൗന്ദര്യവും പൈതൃകവും നിലനിര്‍ത്തുന്ന സുപ്രധാനമായ നഗര പദ്ധതികളുടെ ഭാഗമാണ് ഇന്‍ഡിപെന്‍ഡന്‍സ് സ്‌ക്വയര്‍ നവീകരണം. ചടങ്ങില്‍ ഷെയ്ഖ് ഫഹീം ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി, ഷെയ്ഖ് മുഹമ്മദ് ബിന്‍ ഹുമൈദ് അല്‍ ഖാസിമി ഉള്‍പ്പെടെ നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

