അഴിമതിക്കേസിൽ ശൈഖ് ഹസീനയ്ക്ക് പത്ത് വർഷം തടവ്; കുടുംബാംഗങ്ങൾക്കും ശിക്ഷ വിധിച്ച് ബംഗ്ലാദേശ് കോടതി

ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനയ്ക്ക് അഴിമതിക്കേസിൽ പത്ത് വർഷം തടവുശിക്ഷ വിധിച്ച് ധാക്കയിലെ സ്പെഷ്യൽ കോടതി ഉത്തരവിട്ടു. ധാക്കയിലെ ‘പൂർബാചൽ ന്യൂ ടൗൺ’ സർക്കാർ പദ്ധതിയിൽ പ്ലോട്ടുകൾ അനുവദിച്ചതിൽ വ്യാപകമായ ക്രമക്കേട് നടത്തിയെന്ന കേസിലാണ് ഈ നിർണ്ണായക വിധി. ധാക്ക കോർട്ട്-4 ലെ സ്‌പെഷ്യൽ ജഡ്ജി റബിയുൽ ആലം ആണ് ശിക്ഷാവിധി പ്രസ്താവിച്ചത്. രണ്ട് വ്യത്യസ്ത കേസുകളിലായി അഞ്ച് വർഷം വീതം മൊത്തം പത്ത് വർഷമാണ് ഹസീന അനുഭവിക്കേണ്ടി വരിക.

ഹസീനയ്ക്ക് പുറമെ അവരുടെ കുടുംബാംഗങ്ങൾക്കും കോടതി തടവുശിക്ഷ വിധിച്ചിട്ടുണ്ട്. ഹസീനയുടെ അനന്തരവളായ തുലീപ് റിസ്‌വാന സിദ്ദീഖിക്ക് നാല് വർഷവും (ഓരോ കേസിലും രണ്ട് വർഷം വീതം), മറ്റ് അനന്തരവരായ റദ്‌വാൻ മുജീബ്, അസ്മിന സിദ്ദീഖി എന്നിവർക്ക് ഏഴ് വർഷം വീതവുമാണ് ശിക്ഷ. 2024 ഓഗസ്റ്റിൽ വിദ്യാർത്ഥി പ്രക്ഷോഭത്തെത്തുടർന്ന് അധികാരം നഷ്ടപ്പെട്ട് ഇന്ത്യയിൽ അഭയം തേടിയ ഹസീനയ്ക്കെതിരെ ഇതിനകം നിരവധി കേസുകൾ ബംഗ്ലാദേശിൽ നിലവിലുണ്ട്. പ്രക്ഷോഭകാലത്തെ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട കേസിൽ കോടതി നേരത്തെ അവർക്ക് വധശിക്ഷ വിധിച്ചിരുന്നു. പുതിയ അഴിമതിക്കേസിലെ വിധി കൂടി വന്നതോടെ ഹസീനയെ വിട്ടുനൽകണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം ശക്തമാകാൻ സാധ്യതയുണ്ട്

Leave a Reply

Your email address will not be published. Required fields are marked *