മുതിർന്ന കോണ്‍ഗ്രസ് നേതാവും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ ശിവരാജ് പാട്ടീല്‍ അന്തരിച്ചു മഹാരാഷ്‌ട്ര ലാത്തൂരിലെ സ്വവസതിയില്‍ രാവിലെ 6.30 ഓടെയാണ് അദ്ദേഹത്തിന്റെ അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം.
മഹാരാഷ്ട്രയിലെ ലാത്തൂരിൽ വിശ്വനാഥ റാവുവിന്റെയും ഭാഗീരഥി ഭായിയുടേയും മകനായി 1935 ഒക്ടോബർ 12ന് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഹൈദരാബാദിലുള്ള ഒസ്മാനിയ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിഎസ്‌സിയും ബോംബെ യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമ ബിരുദവും നേടി.
1972 ൽ കോൺഗ്രസ് സ്‌ഥാനാർഥിയായി മഹാരാഷ്ട്ര നിയമസഭയിലേക്ക് വിജയിച്ചു. പിന്നീട് മന്ത്രിയായും സ്പീക്കറായും പ്രവർത്തിച്ചു. 1980ൽ ലാത്തൂരിൽ നിന്ന് ആദ്യമായി ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു
2004 വരെ ലാത്തൂർ മണ്ഡലത്തിൽ നിന്ന് തുടർച്ചയായി ഏഴു തവണ ലോക്സഭാംഗമായിരുന്നു. 1980 മുതൽ 1989 വരെ കേന്ദ്രമന്ത്രിയായും പ്രവർത്തിച്ചു. 1991 മുതൽ 1996 വരെ ലോക്സഭസ്പീക്കറായിരുന്നു.2010 മുതൽ 2015 വരെ പഞ്ചാബ് ഗവർണറായി സേവനം അനുഷ്ഠിച്ചു
മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നിന്ന് ഏഴ് തവണയാണ് അദ്ദേഹം ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പാര്‍ലമെന്റിലെ വിശിഷ്ട സേവനങ്ങളെ ആദരിക്കുന്നതിനുള്ള ‘ഔട്ട്സ്റ്റാന്‍ഡിങ് പാര്‍ലമെന്റേറിയന്‍ അവാര്‍ഡ്’ എന്ന ബഹുമതിക്ക് തുടക്കം കുറിച്ചതിലും അദ്ദേഹത്തിന് നിര്‍ണായക പങ്കുണ്ട്.
പഞ്ചാബ് ഗവര്‍ണറായും ഛണ്ഡീഗഢ് അഡ്മിനിസ്ട്രേറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2008-ലെ മുംബൈ ഭീകരാക്രമണം ഉണ്ടായപ്പോള്‍ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് അദ്ദേഹം കേന്ദ്ര ആഭ്യന്തര മന്ത്രിസ്ഥാനം രാജിവെച്ചത് ശ്രദ്ധേയമായിരുന്നു. ലാത്തൂര്‍ മുനിസിപ്പല്‍ കൗണ്‍സില്‍ അധ്യക്ഷനായും മഹാരാഷ്ട്ര നിയമസഭാ ഡെപ്യൂട്ടി സ്പീക്കറായും പ്രവര്‍ത്തിച്ച ശേഷമാണ് അദ്ദേഹം ദേശീയ രാഷ്ട്രീയത്തിലേക്ക് എത്തിയത്. ശിവരാജ് പാട്ടീലിന്റെ നിര്യാണത്തില്‍ വിവിധ രാഷ്ട്രീയ നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി.

