ഹവാന/ന്യൂഡൽഹി: ക്യൂബൻ തീരത്ത് അമേരിക്കൻ രജിസ്ട്രേഷനുള്ള അതിവേഗ ബോട്ടും ക്യൂബൻ സൈന്യവും തമ്മിലുണ്ടായ കടുത്ത ഏറ്റുമുട്ടലിൽ നാലുപേർ കൊല്ലപ്പെട്ടു. ഫ്ലോറിഡയിൽ നിന്ന് പുറപ്പെട്ട സ്പീഡ് ബോട്ട് ക്യൂബൻ സമുദ്രാതിർത്തി ലംഘിച്ചതിനെത്തുടർന്നാണ് സംഘർഷമുണ്ടായതെന്ന് ക്യൂബൻ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
വില്ല ക്ലാര പ്രവിശ്യയിലെ കായോ ഫാൽക്കൺസ് തീരത്തിന് ഒരു നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് സംഭവം നടന്നത്. പരിശോധനയ്ക്കായി അടുത്ത ക്യൂബൻ കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർക്ക് നേരെ ബോട്ടിലുണ്ടായിരുന്നവർ വെടിയുതിർക്കുകയായിരുന്നു.വെടിവയ്പ്പിൽ ബോട്ട് സംഘത്തിലുണ്ടായിരുന്ന നാലുപേർ കൊല്ലപ്പെടുകയും ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിൽ ക്യൂബൻ കോസ്റ്റ് ഗാർഡ് കമാൻഡർക്കും പരിക്കേറ്റിട്ടുണ്ട്.
ബോട്ടിൽ നിന്ന് അത്യാധുനിക തോക്കുകൾ, വെടിയുണ്ടകൾ, മൊളോടോവ് കോക്ടെയിലുകൾ (പെട്രോൾ ബോംബ്), സൈനിക വസ്ത്രങ്ങൾ എന്നിവ കണ്ടെടുത്തതായി ക്യൂബൻ അധികൃതർ അറിയിച്ചു. ബോട്ടിലുണ്ടായിരുന്ന 10 പേരും അമേരിക്കയിൽ താമസിക്കുന്ന ക്യൂബൻ വംശജരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. തീവ്രവാദ പ്രവർത്തനങ്ങൾ ലക്ഷ്യമിട്ടുള്ള നുഴഞ്ഞുകയറ്റമായിരുന്നു ഇതെന്നാണ് ക്യൂബൻ സർക്കാരിന്റെ ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കരയിൽ നിന്ന് ക്യൂബൻ സൈന്യം അറസ്റ്റ് ചെയ്തിട്ടുണ്ട്.

