മെൽബണിൽ കഫേയ്ക്ക് പുറത്ത് വെടിവെയ്പ്പ്; ഒരാൾക്ക് പരിക്ക്, പുകയില മാഫിയാ ബന്ധമെന്ന് സംശയം

മെൽബൺ: മെൽബണിന്റെ തെക്കുപടിഞ്ഞാറൻ മേഖലയിലുള്ള ആൾട്ടോണ നോർത്തിൽ കഫേയ്ക്ക് പുറത്തിരുന്ന ജനക്കൂട്ടത്തിന് നേരെ വെടിവെയ്പ്പ്. ബോറാക്ക് സ്ക്വയറിലെ ‘കഫേ സ്ക്വയേർഡ്’ എന്ന ഭക്ഷണശാലയ്ക്ക് മുന്നിൽ ഇന്നലെ രാത്രി 11.30-ഓടെയാണ് സംഭവം. വെടിയേറ്റ 49-കാരനെ കൈയ്യിൽ രണ്ട് മുറിവുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ലെന്ന് പോലീസ് അറിയിച്ചു. അനധികൃത പുകയില വ്യാപാരവുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് വെടിവെയ്പ്പിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

കഫേയ്ക്ക് പുറത്ത് ഒരു സംഘം ആളുകൾ ഇരിക്കുമ്പോഴാണ് വെള്ള ടൊയോട്ട ഹൈലക്സ് വാഹനത്തിലെത്തിയ അക്രമി സംഘം വെടിയുതിർത്തത്. വെടി ശബ്ദം കേട്ടതോടെ ആളുകൾ പരിഭ്രാന്തരായി കെട്ടിടത്തിനുള്ളിലേക്ക് ഓടിക്കയറുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഫെബ്രുവരിയിൽ ന്യൂപോർട്ടിലെ ഒരു വീട്ടിൽ നിന്ന് മോഷ്ടിച്ച സിൽവർ ഹൈലക്സ് വാഹനത്തിലാണ് അക്രമികൾ രക്ഷപ്പെട്ടത്. വെടിവെയ്പ്പ് നടന്ന സ്ഥലത്തിന് 800 മീറ്റർ അകലെ എം.സി ആർതർ – ചേമ്പേഴ്‌സ് റോഡ് ജംഗ്ഷനിൽ പുലർച്ചെ 2.50-ഓടെ ഈ വാഹനം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. പ്രതികൾ വാഹനം തീയിട്ട് നശിപ്പിച്ചിരുന്നു.

വെടിയേറ്റ വ്യക്തി പോലീസിന് പരിചിതനാണെങ്കിലും ഇദ്ദേഹം തന്നെയായിരുന്നോ അക്രമികളുടെ ലക്ഷ്യമെന്ന് വ്യക്തമല്ല. എതിർപക്ഷത്തുള്ളവർക്ക് കൃത്യമായ സന്ദേശം നൽകുന്നതിനായി ജനക്കൂട്ടത്തിന് നേരെ നടത്തിയ അക്രമമാകാനും സാധ്യതയുണ്ടെന്ന് ഡിറ്റക്റ്റീവ് ഇൻസ്പെക്ടർ ഗ്രഹാം ബാങ്ക്സ് പറഞ്ഞു. സംഭവത്തിൽ വിക്ടോറിയ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ ക്രൈം സ്റ്റോപ്പേഴ്സുമായി (1800 333 000) ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു

Leave a Reply

Your email address will not be published. Required fields are marked *