സിഡ്‌നിയിൽ പട്ടാപ്പകൽ ജിമ്മിന് പുറത്ത് വെടിവെപ്പ്; മൂന്ന് പേർ പിടിയിൽ

സിഡ്‌നി: കഴിഞ്ഞ വർഷം സിഡ്‌നിയുടെ തെക്കുപടിഞ്ഞാറൻ മേഖലയിലെ ഒരു ജിമ്മിന് പുറത്ത് നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് പിടികൂടി. 2025 ഡിസംബർ 5 വെള്ളിയാഴ്ച രാവിലെ എട്ടരയോടെ ഗ്രിഗറി ഹിൽസിലെ സ്റ്റീർ റോഡിലുള്ള വേൾഡ് ജിമ്മിന് മുന്നിലാണ് സംഭവം നടന്നത്.

ജിമ്മിന് പുറത്ത് നിന്ന 48 വയസ്സുകാരനെ ലക്ഷ്യമാക്കി തോക്കുധാരികളായ രണ്ട് പേർ 12 തവണ വെടിയുതിർക്കുകയായിരുന്നു. അത്ഭുതകരമായി പരിക്കേൽക്കാതെ രക്ഷപ്പെട്ട ഇദ്ദേഹം ഓടി സുരക്ഷിത സ്ഥാനത്തെത്തി. ആക്രമണത്തിന് ശേഷം ചുവന്ന റെഞ്ച് റോവർ എസ്‌യുവിയിൽ രക്ഷപ്പെട്ട പ്രതികൾ പിന്നീട് വാഹനം കോബിറ്റിയിലെ മാക്വാരി ഗ്രോവ് റോഡിൽ ഉപേക്ഷിച്ചു. ഈ വാഹനത്തിന് സമീപത്തെ കാട്ടുപ്രദേശത്ത് നിന്നും വസ്ത്രങ്ങൾ, മുഖംമൂടികൾ, വ്യാജ നമ്പർ പ്ലേറ്റുകൾ, രണ്ട് പിസ്റ്റളുകൾ എന്നിവ പോലീസ് കണ്ടെടുത്തിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിനൊടുവിൽ കഴിഞ്ഞ തിങ്കളാഴ്ച (മാർച്ച് 30) പുലർച്ചെ അഞ്ച് മണിയോടെ പാരാമറ്റയിൽ വെച്ച് 40 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. വധശ്രമം, ക്രിമിനൽ സംഘത്തിന് നേതൃത്വം നൽകൽ എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അതേദിവസം രാവിലെ ആറുമണിയോടെ ബർവുഡിൽ നടന്ന മറ്റൊരു പരിശോധനയിൽ 32 വയസ്സുകാരനെയും പോലീസ് പിടികൂടി. ഇവർക്ക് കോടതി ജാമ്യം നിഷേധിച്ചു.

ഇന്നലെ രാവിലെ പത്ത് മണിയോടെ സിൽവർവാട്ടറിൽ വെച്ച് 38 വയസ്സുകാരനെ കൂടി അറസ്റ്റ് ചെയ്തതോടെ കേസിൽ പിടിയിലായവരുടെ എണ്ണം മൂന്നായി. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകളാണ് മൂവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് ന്യൂ സൗത്ത് വെയ്‌ൽസ് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *