സിഡ്നി: ക്രിസ്മസ് തിരക്കിനിടയില്‍ സിഡ്നിയിലെ ലിഡ്കോംബ് ഷോപ്പിംഗ് സെന്ററിന്റെ മേല്‍ക്കൂരയുടെ ഭാഗം തകര്‍ന്നു വീണു. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ഇവര്‍ക്ക് പാരാമെഡിക്കല്‍ സംഘം സംഭവസ്ഥലത്ത് വെച്ച് തന്നെ ചികിത്സ നല്‍കി വരുന്നു.
ഉച്ചയ്ക്ക് 1:50-ഓടെയായിരുന്നു സംഭവം. രണ്ടാം നിലയില്‍ നിന്ന് അവശിഷ്ടങ്ങള്‍ താഴേക്ക് വീണതോടെ ഷോപ്പിംഗ് സെന്ററിലുണ്ടായിരുന്നവര്‍ പരിഭ്രാന്തരായി ഓടിമാറി. ഓട്ടോമാറ്റിക് ഫയര്‍ അലാറം മുഴങ്ങിയതിന് തൊട്ടുപിന്നാലെയാണ് അപകടം റിപ്പോര്‍ട്ട് ചെയ്തതെന്ന് ന്യൂ സൗത്ത് വെയില്‍സ് ഫയര്‍ റെസ്‌ക്യൂ ഇന്‍സ്പെക്ടര്‍ സ്റ്റീവ് ബ്രൗണ്‍ അറിയിച്ചു. 20-ഓളം അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.
സീലിംഗിലെ സ്പ്രിംഗ്ലര്‍ (sprinkler) സംവിധാനം പ്രവര്‍ത്തിച്ചതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇതിനെത്തുടര്‍ന്ന് കെട്ടിടത്തിനുള്ളില്‍ വലിയ തോതില്‍ വെള്ളം നിറഞ്ഞിട്ടുണ്ട്. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ഷോപ്പിംഗ് സെന്റര്‍ ഭാഗികമായി അടച്ചുപൂട്ടി.

