സിഡ്നിയിലെ ബോണ്ടി ബീച്ചില്‍ കഴിഞ്ഞ മാസമുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മുന്‍ പോലീസ് ഡിറ്റക്ടീവ് പീറ്റര്‍ മീഗറുടെ (Peter Meagher) ശവസംസ്കാര ചടങ്ങുകള്‍ സിഡ്നിയില്‍ നടന്നു.പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് ചടങ്ങില്‍ പങ്കെടുത്തു.
61 വയസ്സുകാരനായ പീറ്റര്‍ മീഗര്‍,ന്യൂ സൗത്ത് വെയില്‍സ് പോലീസില്‍ 30 വര്‍ഷത്തിലധികം സേവനമനുഷ്ഠിച്ച വ്യക്തിയായിരുന്നു.വിരമിച്ച ശേഷം ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറായി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം.ബോണ്ടി ബീച്ചിലെ ഹനൂക്ക ആഘോഷങ്ങള്‍ക്കിടെ ഫോട്ടോ എടുക്കുന്നതിനിടയിലാണ് അദ്ദേഹം വെടിയേറ്റ് കൊല്ലപ്പെട്ടത്.
സിഡ്നിയിലെ സെന്റ് മേരീസ് കത്തീഡ്രലില്‍ വെച്ചായിരുന്നു ചടങ്ങുകള്‍. ബോണ്ടി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ അവസാനത്തെ ശവസംസ്കാര ചടങ്ങായിരുന്നു ഇത്.പീറ്റര്‍ മീഗറുടെ സേവനസന്നദ്ധതയെയും അദ്ദേഹത്തിന്റെ സൗമ്യമായ പെരുമാറ്റത്തെയും കുറിച്ച് കുടുംബാംഗങ്ങളും സുഹൃത്തുക്കളും അനുസ്മരിച്ചു. അദ്ദേഹത്തിന്റെ പോലീസ് ബാഡ്ജ്, ക്യാമറ, റാന്‍ഡ്വിക്ക് റഗ്ബി ക്ലബ്ബിന്റെ ജേഴ്സി എന്നിവ അദ്ദേഹത്തിന് ആദരമര്‍പ്പിച്ച് പെട്ടിക്ക് സമീപം വെച്ചിരുന്നു.
പ്രധാനമന്ത്രി ആന്തണി ആല്‍ബനീസിന് പുറമെ, പ്രതിപക്ഷ നേതാവ് സൂസന് ലീ ന്യൂ സൗത്ത് വെയില്‍സ് പ്രീമിയര്‍ ക്രിസ് മിന്‍സ് തുടങ്ങിയ പ്രമുഖര്‍ പീറ്റര്‍ മീഗര്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയിരുന്നു.പീറ്ററിന്റെ സഹപ്രവര്‍ത്തകരായിരുന്ന നൂറുകണക്കിന് പോലീസ് ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.
ചടങ്ങിന് ശേഷം, ബോണ്ടി ആക്രമണത്തെക്കുറിച്ച് കേന്ദ്രതലത്തില്‍ ഒരു ‘റോയല്‍ കമ്മീഷന്’ അന്വേഷണം വേണമെന്ന ആവശ്യം പ്രതിപക്ഷ നേതാവ് സൂസന് ലീ വീണ്ടും ശക്തമാക്കി. ഈ വിഷയത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ നടപടി സ്വീകരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അന്വേഷണ ഏജന്‍സികളെക്കുറിച്ചുള്ള അവലോകനത്തിന് പ്രധാനമന്ത്രി നേരത്തെ ഉത്തരവിട്ടിരുന്നു.എന്നാല്‍ റോയല്‍ കമ്മീഷന് വേണമെന്ന കാര്യത്തില്‍ അദ്ദേഹം ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല.

