മോഷണശ്രമത്തിനെത്തിയ കൗമാരസംഘത്തെ ഒറ്റയ്ക്ക് പൊരുതി കുടുക്കി ഗാവിൻ പെറി

ഗോൾഡ് കോസ്റ്റ്: രാത്രിയുടെ മറവിൽ മോഷണശ്രമത്തിനെത്തിയ കൗമാരസംഘത്തെ ഒറ്റയ്ക്ക് നേരിട്ട് മാതൃകയായിരിക്കുകയാണ് ക്വീൻസ്‌ലൻഡിലെ മുഡ്ജീരബ സ്വദേശിയായ ഗാവിൻ പെറി. ഒരു ബേസ്ബോൾ ബാറ്റ് മാത്രം കൈയ്യിലേന്തി ഇദ്ദേഹം നടത്തിയ പൗര അറസ്റ്റിന്റെ (Citizen’s Arrest) ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. തന്റെ വീടിനു മുന്നിൽ സംശയകരമായ രീതിയിൽ ഒരു വെള്ള ഹവാൽ കാർ വന്നുനിൽക്കുന്നത് പെറിയുടെ ശ്രദ്ധയിൽപ്പെട്ടു. വാഹനത്തിൽ നിന്നും മൂന്ന് പേർ ഇറങ്ങി ഓടുന്നത് കണ്ടതോടെ എന്തോ പന്തികേടുണ്ടെന്ന് ഇദ്ദേഹത്തിന് തോന്നി. ഇതേസമയം തന്നെ ആകാശത്ത് പോലീസ് ഹെലികോപ്റ്റർ വട്ടമിട്ടു പറക്കുന്നത് കണ്ടതോടെ പെറി ഉടൻ തന്നെ പോലീസിനെ വിവരമറിയിച്ചു.

മിക്കവരും വീടിനുള്ളിൽ സുരക്ഷിതരായിരിക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിലാണ്, കൗമാരക്കാർ മാരകായുധങ്ങൾ കരുതിയിട്ടുണ്ടാകുമോ എന്നറിയാമായിരുന്നിട്ടും, ഒരു ബേസ്ബോൾ ബാറ്റുമായി പെറി പുറത്തിറങ്ങിയത്. മോഷ്ടാക്കൾ തിരികെ വാഹനത്തിൽ കയറി രക്ഷപ്പെടുന്നത് തടയുക എന്നതായിരുന്നു തന്റെ ലക്ഷ്യമെന്ന് അദ്ദേഹം പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

പെറിയുടെ മുന്നിൽപ്പെട്ടതോടെ സംഘത്തിലുണ്ടായിരുന്ന രണ്ടുപേർ ഓടി രക്ഷപ്പെട്ടെങ്കിലും ഒരാളെ അദ്ദേഹം പിടികൂടി. പിടിയിലായ പതിനഞ്ചുകാരൻ ഭയന്ന് കരയുകയായിരുന്നുവെന്ന് പെറി ഓർത്തെടുത്തു. ഈ സമയം തന്റെ ഫോണിലെ ടോർച്ച് തെളിച്ച് ആകാശത്ത് വട്ടമിട്ടിരുന്ന പോലീസ് ഹെലികോപ്റ്ററിന്റെ ശ്രദ്ധ ആകർഷിക്കാനും അദ്ദേഹത്തിന് സാധിച്ചു. ഇതിനെത്തുടർന്ന് വെറും മുപ്പത് സെക്കന്റുകൾക്കുള്ളിൽ പോലീസ് സംഘം സ്ഥലത്തെത്തുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

വാഹനം മോഷ്ടിച്ചതിനും നിയമവിരുദ്ധമായി ഉപയോഗിച്ചതിനുമാണ് പതിനഞ്ചുകാരനെതിരെ കേസെടുത്തിരിക്കുന്നത്. ഒപ്പമുണ്ടായിരുന്ന മറ്റുള്ളവർക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്. ഇതേദിവസം തന്നെ ഓക്സൻഫോർഡിലെ ടിഗൻ കെല്ലി എന്ന യുവതിയുടെ വീട്ടിൽ നിന്നാണ് ഈ വാഹനം മോഷ്ടിക്കപ്പെട്ടത്. തങ്ങളെ സഹായിച്ച പെറി ഒരു യഥാർത്ഥ ഹീറോയാണെന്ന് കെല്ലി പ്രതികരിച്ചു. എന്നാൽ താനൊരു ഹീറോയാണെന്ന വാദത്തെ പെറി ചിരിച്ചു തള്ളുകയാണ്. കൈയ്യിൽ ബേസ്ബോൾ ബാറ്റ് കണ്ടത് കൊണ്ട് അവരിൽ ഒരാൾ തന്നെ ‘ബാറ്റ്മാൻ’ എന്നാണ് വിളിച്ചതെന്ന് അദ്ദേഹം തമാശയായി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *