വാഷിങ്ടന്‍: ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ റെയ്ഡുകളെ ശക്തമായി ന്യായീകരിച്ചിരുന്ന വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റിന്റെ മുന്‍ നാത്തൂന്‍ അനധികൃത കുടിയേറ്റത്തിന് അറസ്റ്റിലായി. അമേരിക്കയിലെ ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റാണ് (ഐസിഇ) ഇവരെ അറസ്റ്റു ചെയ്തത്. ലീവിറ്റിന്റെ സഹോദരന്‍ മൈക്കിള്‍ ലീവിറ്റിന്റെ മുന്‍ പങ്കാളിയായ ബ്രൂണ കരോലിന്‍ ഫെരേരയാണ് പിടിയിലായത്. ബ്രൂണയില്‍ മൈക്കിളിന് പതിനൊന്നു വയസുള്ള ഒരു പുത്രനുണ്ട്.
ബ്രസീലില്‍ നിന്നു ടൂറിസ്റ്റ് വീസയില്‍ അമേരിക്കയിലെത്തിയ ബ്രൂണ കരോലിന്റെ വീസയുടെ കാലാവധി 1909ല്‍ തന്നെ കഴിഞ്ഞതാണ്. അതിനു ശേഷം ഇതു വരെ അനധികൃത കുടിയേറ്റമായിരുന്നു അവരുടേത്. ഗ്രീന്‍ കാര്‍ഡ് ലഭിക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജിമാക്കിയിരിക്കെയാണ് ഇവര്‍ പിടിയിലാകുന്നത്. രണ്ടാമത്തെ വിവാഹത്തിലെ കുട്ടിയെ കൂട്ടിക്കൊണ്ടുവരുവാന്‍ കാര്‍ ഡ്രൈവ് ചെയ്തു പോകുന്നതിനിടെയാണ് ഇവര്‍ മസാച്യുസെറ്റ്‌സിലെ റിവറീ എന്ന സ്ഥലത്തു വച്ച് അറസ്റ്റിലാകുന്നത്. നാടുകടത്തുന്നവരെ പാര്‍പ്പിക്കുന്ന ഡിറ്റന്‍ഷന്‍ സെന്ററിലാണ് നിലവില്‍ ബ്രൂണയുള്ളത്.
സംഭവത്തില്‍ പ്രതികരിക്കാന്‍ മൈക്കിള്‍ ലീവിറ്റ് തയാറായിട്ടില്ല. കുട്ടിയുടെ ഭാവിയെയും സ്വകാര്യതയെയും കരുതി പ്രതികരിക്കാന്‍ താല്‍പര്യമില്ലെന്നാണ് മൈക്കിള്‍ ലീവിറ്റ് പറഞ്ഞത്. കുട്ടി സ്ഥിരമായി മൈക്കിള്‍ ലീവിറ്റിനൊപ്പമാണ് താമസം.

