ശിവഗംഗ

തിരുമൗലി മൂടുന്ന ജടാസഞ്ചയത്തിലീ
ഹിമവാന്റെ പുത്രിക്കിടം നൽകിയല്ലോ!
നിത്യപ്രണയത്തിൻ ചിരകാലമുദ്രയായി
ത്രൈലോക്യനാഥൻ്റെ തൃപ്രസാദം.

പാദമുദ്ര ചാർത്തിയെന്നോളങ്ങളെന്നുമേ പരിശുദ്ധമാക്കി നീ മാറ്റിയല്ലോ.
പ്രപഞ്ചം നിറയും മഹാധ്യാനവേളയിൽ ധരണിക്കിണങ്ങുന്ന പ്രകൃതിയാക്കി.

പാപങ്ങൾ കഴുകുന്ന തീർത്ഥമായി മണ്ണിലെൻ ജന്മാന്തരങ്ങൾ സഫലമാക്കി.

ഓംകാരനാദമായ് ചേരുന്നു ഞാനിതാ
ഒഴുകിപ്പരക്കുന്ന തീരങ്ങളിൽ.

കർണ്ണങ്ങളിൽ വീഴുമക്ഷരക്കൂട്ടങ്ങൾ കേൾക്കുന്നു പഞ്ചാക്ഷരിയായ് .
കണ്ണിൽത്തെളിയുംനിന്നാത്മരൂപങ്ങൾ കണ്ണുനീരെല്ലാം തുടച്ചിരുന്നു.

നിറയുന്ന നെഞ്ചിലെ കദനഭാരങ്ങളും നിൻമുന്നിൽനേദ്യങ്ങൾതന്നെയാവും.

പൂർണ്ണേന്ദു ശോഭിക്കുന്നാ മഹാമൗലിയിൽ
പൂർണയായി മാറിടും ഞാനുമിന്ന് .

മണ്ണിലെൻ ഓളങ്ങൾ തൊട്ടിടും വേളയിൽ
മുന്നിൽ ത്തെളിഞ്ഞിതാ ചിൻമയഭാവമായ്.

എന്നുമാ ശിരസ്സിന്നലങ്കാരമുദ്രയായി സ്വയം ഞാനൊഴുകിടാം ഗംഗയായി !

സിനി ഐസക്ക്

Leave a Reply

Your email address will not be published. Required fields are marked *