അഫ്ഗാനിസ്ഥാൻ അതിർത്തിയോട് ചേർന്നുള്ള മേഖലയിലുണ്ടായ ശക്തമായ ഏറ്റുമുട്ടലിൽ ആറ് പാക്കിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടു. അതിർത്തി കടന്നുള്ള തീവ്രവാദ നീക്കങ്ങൾ തടയുന്നതിനിടെയാണ് സൈനികർക്ക് ജീവൻ നഷ്ടമായത്.
പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിൽ അതിർത്തി തർക്കങ്ങളും സംഘർഷങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ ഏറ്റുമുട്ടൽ നടന്നത്. പാക്കിസ്ഥാനിൽ ആക്രമണങ്ങൾ നടത്തുന്ന തെഹ്‌രീകെ താലിബാൻ പാക്കിസ്ഥാൻ (TTP) എന്ന സംഘടനയ്ക്ക് അഫ്ഗാനിലെ താലിബാൻ ഭരണകൂടം പിന്തുണ നൽകുന്നുണ്ടെന്ന് പാക്കിസ്ഥാൻ ആരോപിക്കുന്നു. ഇതിന്റെ ഭാഗമായി പാക്കിസ്ഥാൻ അഫ്ഗാൻ അതിർത്തികളിൽ ആക്രമണം നടത്തിയിരുന്നു.
പാക്കിസ്ഥാനിലെ ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തീവ്രവാദ ഗ്രൂപ്പുകൾ അഫ്ഗാൻ മണ്ണ് താവളമാക്കുന്നു എന്നാരോപിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ഏറെ വഷളായ നിലയിലാണ്. അഫ്ഗാൻ അതിർത്തി കടന്ന് പാക്കിസ്ഥാൻ നടത്തിയ പ്രത്യാക്രമണങ്ങൾക്കിടെയാണ് സൈനികർ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കൊല്ലപ്പെട്ട സൈനികരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും മേഖലയിൽ സുരക്ഷാ പരിശോധനകളും നിരീക്ഷണവും സൈന്യം കർശനമാക്കിയിട്ടുണ്ട്.അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം ടിടിപിക്ക് സഹായം നൽകുന്നത് അവസാനിപ്പിക്കണമെന്ന് പാക്കിസ്ഥാൻ അന്താരാഷ്ട്ര തലത്തിൽ നിരന്തരം ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഈ ആരോപണങ്ങൾ അഫ്ഗാൻ തള്ളിക്കളയുകയാണ് പതിവ്. അതിർത്തിയിൽ സംഘർഷം തുടരുന്നത് മേഖലയിലെ സമാധാനത്തിന് വലിയ ഭീഷണിയായി തുടരുന്നു.

