പർവതമുകളിൽ കുടുങ്ങിയ ആറ് യുവാക്കളെ രക്ഷപ്പെടുത്തി; മൗണ്ട് ബീർവ നാളെ തുറക്കും

ഗോൾഡ് കോസ്റ്റ്: സൺഷൈൻ കോസ്റ്റിലെ മൗണ്ട് ബീർവയിലുണ്ടായ ദാരുണമായ അപകടത്തിന് പിന്നാലെ, ഗോൾഡ് കോസ്റ്റിലെ മൗണ്ട് ബാർണിയിൽ (Mount Barney) കുടുങ്ങിയ ആറ് യുവാക്കളെ രക്ഷപ്പെടുത്തി. 18-നും 19-നും ഇടയിൽ പ്രായമുള്ള യുവാക്കളാണ് പർവതമുകളിൽ കുടുങ്ങിയത്.

രാത്രി മുഴുവൻ പർവതമുകളിൽ ചിലവഴിച്ച സംഘം ക്വീൻസ്‌ലൻഡ് പോലീസുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. ഇന്ന് രാവിലെ രക്ഷാപ്രവർത്തനത്തിനെത്തിയ ഹെലികോപ്റ്റർ മാർഗ്ഗമാണ് ഇവരെ സുരക്ഷിതമായി താഴെയെത്തിച്ചത്. ആർക്കും പരിക്കുകളില്ല.

യുവാവ് ഗുരുതരാവസ്ഥയിൽ കഴിഞ്ഞ ദിവസം മൗണ്ട് ബീർവയിലുണ്ടായ അപകടത്തിൽ 18 വയസ്സുകാരി കൊല്ലപ്പെടുകയും കാമുകന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. 90 മീറ്റർ താഴേക്ക് വീണ യുവാവ് ഇപ്പോഴും സൺഷൈൻ കോസ്റ്റ് യൂണിവേഴ്സിറ്റി ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.

അപകടം നടന്ന മൗണ്ട് ബീർവ ഇന്ന് അടച്ചിട്ടിരിക്കുകയാണ്. മോശം കാലാവസ്ഥയെത്തുടർന്ന് നേരത്തെ തന്നെ ഈ പ്രദേശം അടച്ചിരുന്നെങ്കിലും അത് ലംഘിച്ചാണ് യുവതിയും സംഘവും മലകയറിയത്. നാളെയോടെ മൗണ്ട് ബീർവ പൊതുജനങ്ങൾക്കായി വീണ്ടും തുറന്നു നൽകുമെന്ന് പരിസ്ഥിതി-ടൂറിസം വകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *