മൂന്നാര്‍: കേരളത്തിലെ അതിപ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമായ മൂന്നാറിലെ സ്കൈ ഡൈനിങ്ങില്‍ ഒരു കുടുംബം കുടുങ്ങിയത് നാലു മണിക്കൂര്‍. രണ്ടു കുട്ടികളും അവരുടെ മാതാപിതാക്കളും സ്കൈഡൈനിങ് കേന്ദ്രത്തിലെ ജീവനക്കാരിയുമാണ് ഇതില്‍ കുടുങ്ങിയത്. ഭക്ഷണം കഴിക്കാനെത്തുന്നവരെ മേശ സഹിതം 150 അടി ഉയരത്തിലെക്ക് ക്രെയിനില്‍ ഉയര്‍ത്തി കാഴ്ചകള്‍ കണ്ട് ഭക്ഷണം കഴിക്കുന്നതിനുള്ള അവസരം നല്കുന്ന സാഹസിക ടൂറിസം സംരംഭമാണിത്. രണ്ടര മാസം മുമ്പാണ് മൂന്നാറിനടുത്ത് ആനച്ചാലില്‍ പ്രവര്‍ത്തനം തുടങ്ങുന്നത്.
സഞ്ചാരികളെയുമായി ആകാശത്തേക്ക് ഉയര്‍ന്ന ക്രെയിന്‍ തിരികെയിറങ്ങുന്നതിനായി താഴ്ത്തുന്നതിനു ശ്രമിക്കുമ്പോള്‍ ഫ്യൂസ് പോകുകയായിരുന്നു. ദേവികുളം സബ്കളക്ടറുടെ ഓഫീസില്‍ നിന്നു വിളിച്ചറിയിച്ചതനുസരിച്ച് മൂന്നാറില്‍ നിന്ന് അഗ്നിരക്ഷാ സേനയെത്തി വടം ഉപയോഗിച്ച് മുകളില്‍ കയറിയതിനു ശേഷം കയറേണിയിലൂടെ സഞ്ചാരികളെ താഴെയിറക്കുകയായിരുന്നു. കുട്ടികള്‍ ഭയപ്പെടരുതെന്നു കരുതി അവരോടു കഥകളും മറ്റും പറഞ്ഞ് സമ്മര്‍ദം അറിയിക്കാതെയായിരുന്നു അഗ്നി രക്ഷാസേനയുടെ പ്രവര്‍ത്തനം. പഞ്ചായത്ത് ലൈസന്‍സില്ലാതെയാണ് ഈ കേന്ദ്രം പ്രവര്‍ത്തിക്കുന്നതെന്നു പറയുന്നു.

