റിപ്പബ്ലിക് ദിനത്തിൽ ആക്രമണ ഭീഷണി: പന്നൂൻ സംഘത്തിലെ രണ്ട് സ്ലീപ്പർ സെല്ലുകൾ ഡൽഹിയിൽ പിടിയിൽ

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്യതലസ്ഥാനത്ത് ആക്രമണം നടത്തുമെന്ന് ഭീഷണി മുഴക്കിയ രണ്ട് ഖാലിസ്ഥാൻ അനുകൂലികളെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. നിരോധിത സംഘടനയായ ‘സിഖ്‌സ് ഫോർ ജസ്റ്റിസ്’ (SFJ) തലവൻ ഗുർപത്വന്ത് സിംഗ് പന്നൂനുമായി നേരിട്ട് ബന്ധമുള്ള സ്ലീപ്പർ സെൽ അംഗങ്ങളാണ് പിടിയിലായത്. രാജ്യവിരുദ്ധ ഗൂഢാലോചനയുടെ മുഴുവൻ ആസൂത്രണവും നടന്നത് കാനഡയിലാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.

ബൽജിന്ദർ, രോഹിത് (കീരത്) എന്നിവരാണ് പോലീസിന്റെ പിടിയിലായവർ. ഡൽഹിയിൽ ആംബുലൻസ് ഡ്രൈവറായി ജോലി ചെയ്യുന്ന ബൽജിന്ദറിനെയും ഇയാളുടെ അടുത്ത സുഹൃത്തായ രോഹിത്തിനെയും പന്നൂനിന്റെ അടുത്ത അനുയായിയാണ് ദൗത്യത്തിനായി നിയമിച്ചത്. നഗരത്തിലെ പൊതുസ്ഥലങ്ങളിൽ രാജ്യവിരുദ്ധവും ആക്ഷേപകരവുമായ സന്ദേശങ്ങൾ എഴുതി പ്രചരിപ്പിക്കാനായിരുന്നു ഇവർക്ക് ലഭിച്ച നിർദ്ദേശം. രണ്ട് ലക്ഷം രൂപ വാഗ്ദാനം ചെയ്താണ് ഇവരെ ഭീകരസംഘം വലയിലാക്കിയതെന്ന് പോലീസ് അറിയിച്ചു.

റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി പന്നൂൻ പുറത്തുവിട്ട ഭീഷണി സന്ദേശങ്ങളെ തുടർന്ന് ഡൽഹി പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് സ്ലീപ്പർ സെല്ലുകളെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ ലഭിച്ചത്. അറസ്റ്റിലായവരിൽ നിന്ന് ഗൂഢാലോചനയുടെ കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും കാനഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകരബന്ധങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം തുടരുമെന്നും അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *