ഓസ്ട്രേലിയൻ ഗവൺമെന്റ് 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ
ഉപയോഗത്തിൽ നിയന്ത്രണം കൊണ്ടുവന്നത്, കാലോചിതവും സമൂഹത്തിന്റെ ഭാവി
സംരക്ഷിക്കാൻ ലക്ഷ്യമിട്ടതുമായ ഒരു നിർണായക ഇടപെടലാണ്. മസ്തിഷ്കവളർച്ച
പൂർണ്ണമാകാത്ത പ്രായത്തിൽ സോഷ്യൽമീഡിയ അതിഭോഗത്തിന്റെ പിടിയിലാകുന്നത്
കുട്ടികളുടെ മാനസികാരോഗ്യത്തേയും, സാമൂഹികബോധത്തേയും, പഠനശേഷിയേയും
പ്രതികൂലമായി ബാധിക്കുമെന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്.
എന്നിരുന്നാലും, വിഷയത്തിന്റെ ഇരുവശങ്ങളേയും തുലാസിൽ വയ്ക്കേണ്ടതുണ്ട്.
ഇന്നത്തെ ലോകം എന്തും വിളമ്പുന്ന ഒരു വിവരവിപണിയായി
മാറിക്കൊണ്ടിരിക്കുമ്പോൾ, ഉപഭോഗത്തിന്റെ യുക്തി തിരിച്ചറിയുന്ന കഴിവ്
ഏവർക്കും അനിവാര്യമാണ്. കാലം മാറുമ്പോൾ ജീവിതശൈലിയും ചിന്താഗതി യും
മാറേണ്ടതുണ്ട്—മാറാതിരിയ്ക്കുന്നത് അപക്വതയെയാണ് വളർത്തുന്നത്.
സാങ്കേതിക വൽക്കരണത്തിന്റെ തിരമാല , വേട്ടയാടി നടന്ന മനുഷ്യനിൽ നിന്ന്
ഡിജിറ്റൽ കാലത്തെ റോബോട്ടുകളായി മനുഷ്യനെ മാറ്റി. സംസ്കാരവും സമ്പന്നതയും
ഒപ്പം വളർന്നുവെങ്കിലും പുതിയ പ്രതിസന്ധികളും ഉയർന്നു. ഇൻറർനെറ്റിന്റെ
വ്യാപനം കൃത്രിമബുദ്ധിയുടെ ലോകത്ത് മനുഷ്യന്റെ ജോലി, ജീവിതശൈലി, പഠനശേഷി
എല്ലാം തുലാസിലാക്കി. ഈ സാഹചര്യത്തിൽ ഓരോ വ്യക്തിക്കും അവരുടെ ഡിജിറ്റൽ
ജീവിതം സംരക്ഷിക്കാനുള്ള സാമൂഹികബോധം ഉണ്ടാകണം. ഫോണിന്റെ നാല് ചുവരുകളിൽ
തളച്ചിടേണ്ടതല്ല നമ്മുടെ കുട്ടികളുടെ ബാല്യം.
സോഷ്യൽ മീഡിയ എന്നത് മോശമായ” ഒന്നല്ല. അതിന്റെ അതിപ്രസരവും നിയന്ത്രണമറ്റ
ഉപയോഗവുമാണ് ആളുകളെ വഴിതെറ്റിക്കുന്നത്. കുട്ടികളുടെ
വ്യക്തിത്വവികസനത്തിന്റെയും സാമൂഹികവളർച്ചയുടെയും വഴിയിൽ ഇത് ചിലപ്പോൾ
വലിയ തടസ്സമാകുന്നു. ഈ സാഹചര്യത്തിൽ ഓസ്ട്രേലിയയുടെ തീരുമാനം ലോകത്തിന്
തന്നെ മാതൃകയാകുന്നു..
അതേസമയം, കുട്ടികളുടെ അവകാശങ്ങൾക്ക് മേലുള്ള ഇടപെടലാണോ ഇതെന്ന ചോദ്യം
പോലും ഉയരുന്നുണ്ട്. സർക്കാരിന് ഒരു പൗരന്റെ വ്യക്തിഗത തീരുമാനങ്ങളിൽ
ഇത്രയധികം ഇടപെടൽ ഉചിതമാണോ എന്ന തത്വചിന്തയും ന്യായമാണ്. എന്നാൽ ഒരു
സർക്കാരിന്റെ ആദ്യ ഉത്തരവാദിത്തം ജനത്തിന്റെ ജീവനും സ്വത്തിനും
സുരക്ഷയൊരുക്കൽ മാത്രമല്ല, അവന്റെ ഭൗതികമായ ചിന്താമണ്ഡലങ്ങളെ
സ്വാഭാവികമായി സംരക്ഷിക്കൽ കൂടിയാണ്.
സർക്കാർ തീരുമാനങ്ങൾ സമൂഹത്തിന്റെ ചിന്താവ്യവസ്ഥയെ പോലും സ്വാധീനിക്കുന്ന
ശക്തിയുള്ളവയാണ്. അതിനാൽ, എല്ലാ ഭരണനടപടികളിലും ദീർഘചിന്ത ആവശ്യമാണ്.
മനുഷ്യനെ ഒരു “കൂട്ടം” എന്നതിലുപരി സാമൂഹികബോധമുള്ള ജീവിയായി
വളർത്തുന്നതിനും സർക്കാരിനൊപ്പം ഓരോ വ്യക്തിയും തോളോട് തോളായി
നിൽക്കേണ്ടത് അനിവാര്യമാണ്.
സംഗ്രഹിച്ചാൽ ഡിജിറ്റൽ യുഗത്തിലെ എല്ലാ വെല്ലുവിളികളെയും അതിജീവിക്കാൻ
പുതിയ വഴികൾ തേടേണ്ടതുണ്ട്. കാലത്തിന് മുന്നേ പറക്കാൻ ശ്രമിക്കുന്ന
മനുഷ്യന് അതൊരു ഉത്തരവാദിത്വവുമാണ്.ഓസ്ട്രേലിയ സർക്കാർ എടുത്ത ഈ
തീരുമാനം, സമൂഹത്തിന്റെ ഭാവിയെ മുൻനിർത്തുന്ന ഒരു നീക്കമാണ് —
വിമർശനങ്ങൾക്ക് ഇടയുണ്ടെങ്കിലും മനുഷ്യന്റെ സമഗ്രസമൂഹബോധ
വളർച്ചയ്ക്കായുള്ള ശ്രമമായി ഇത് വിലയിരുത്തപ്പെടേണ്ടതുണ്ട്. ഇത്തരം
സാഹചര്യത്തിൽ സർക്കാരിനൊപ്പം മാതാപിതാക്കൾ, അധ്യാപകർ, സമൂഹം എല്ലാം
ചേർന്നാണ് ഒരു ഡിജിറ്റൽ സുരക്ഷാ വലയം രൂപപ്പെടുത്തേണ്ടത്.
ലോകത്തിലെ ജനാധിപത്യ രാഷ്ട്രങ്ങൾക്ക് ഒരു മാതൃകയാവുന്ന വിധത്തിലാണ്
ഓസ്ട്രേലിയ ഈ കടുത്ത തീരുമാനമെടുത്തിരിക്കുന്നത്. വിമർശനങ്ങൾ ഉണ്ടായാലും,
വളർന്ന് വരുന്ന ഒരു തലമുറയെ സുരക്ഷിതമായ വഴിയിലേക്ക് നയിക്കാനുള്ള
ധൈര്യമാണ് ഈ നടപടി പ്രതിഫലിപ്പിക്കുന്നത്.

