കുട്ടികൾക്ക് സമൂഹമാധ്യമ നിയന്ത്രണം: കേന്ദ്രത്തിന് ശുപാർശ നൽകി പാർലമെന്ററി സമിതി

ന്യൂഡൽഹി: കുട്ടികൾക്കിടയിലെ അമിതമായ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കുന്നതിനായി പ്രായപരിധി നിശ്ചയിക്കുന്നത് പരിഗണിക്കണമെന്ന് പാർലമെന്ററി സമിതി കേന്ദ്ര സർക്കാരിനോട് ശുപാർശ ചെയ്തു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) ദുരുപയോഗം തടയുന്നതിനും കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് ഈ നിർദ്ദേശം. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതിന് കൃത്യമായ പ്രായപരിധി ഏർപ്പെടുത്തുന്നതിനെക്കുറിച്ച് സർക്കാർ പഠിക്കണമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെയുടെ നേതൃത്വത്തിലുള്ള ഐടി പാർലമെന്ററി സമിതി നിർദ്ദേശിച്ചു. തിങ്കളാഴ്ച ഈ റിപ്പോർട്ട് പാർലമെന്റിൽ സമർപ്പിക്കും.ഡീപ് ഫേക്ക് വീഡിയോകൾ, സാമ്പത്തിക തട്ടിപ്പുകൾ, വ്യക്തിഹത്യ തുടങ്ങിയവയ്ക്കായി എഐ ഉപയോഗിക്കുന്നത് തടയാൻ കർശനമായ നിയമനിർമ്മാണം വേണമെന്ന് സമിതി ആവശ്യപ്പെട്ടു. കുട്ടികളെയും സ്ത്രീകളെയും ലക്ഷ്യം വെച്ചുള്ള ഇത്തരം സൈബർ ഭീഷണികൾ ഗൗരവകരമാണെന്ന് സമിതി നിരീക്ഷിച്ചു.കുട്ടികൾക്ക് സമൂഹമാധ്യമങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തണമെന്ന ആവശ്യവുമായി ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങൾ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. നിലവിൽ രാജ്യവ്യാപകമായി ഇത്തരം നിയന്ത്രണങ്ങൾ നിലവിലില്ല.നിയന്ത്രണങ്ങൾക്കൊപ്പം തന്നെ രാജ്യത്തിന്റെ പുരോഗതിക്ക് ഗുണകരമായ രീതിയിലുള്ള എഐ അധിഷ്ഠിത പഠന കോഴ്‌സുകൾ പ്രോത്സാഹിപ്പിക്കണമെന്നും സമിതി കേന്ദ്രത്തോട് ശുപാർശ ചെയ്തിട്ടുണ്ട്.ലോകമെമ്പാടും കുട്ടികൾക്കിടയിലെ ഡിജിറ്റൽ അഡിക്ഷൻ വലിയ ചർച്ചയാകുന്ന സാഹചര്യത്തിലാണ് പാർലമെന്ററി സമിതിയുടെ ഈ നിർണ്ണായക നീക്കം.

Leave a Reply

Your email address will not be published. Required fields are marked *