ചെന്നൈ: വെറും നാലു വര്‍ഷം മാത്രം മുമ്പ് തമിഴ്‌നാട്ടില്‍ പിറവിയെടുത്തൊരു മെസേജിങ് ആപ്പ് നിന്ന നില്‍പില്‍ താരമായിരിക്കുകയാണിപ്പോള്‍. ഇതിന്റെ സ്വീകാര്യതയും ഡൗണ്‍ലോഡിങ് നിരക്കും സര്‍വ കണക്കുകൂട്ടലുകളും തെറ്റിച്ച് കുതിച്ചുയരുന്നതു കണ്ട് അന്തംവിട്ടു നില്‍ക്കുകയാണ് ടെക് ലോകം. ചെന്നൈ ആസ്ഥാനമായ ടെക്‌നോളജി സ്റ്റാര്‍ട്ടപ് സ്ഥാപനമായ സോഹോയുടെ കീഴില്‍ 2021ല്‍ പുറത്തിറക്കിയ അറട്ടൈ (Arattai) എന്ന മെസേജിങ് ആപ്പാണ് ഈ അത്ഭുത ടെക് ശിശു. വെറും മൂന്നു ദിവസം കൊണ്ട് മൂവായിരം സൈന്‍ അപ്പില്‍ നിന്ന് മൂന്നരലക്ഷം സൈനപ്പിലേക്കാണിത് കുതിച്ചു കയറിയിരിക്കുന്നത്. ഇതു കണ്ട് അറട്ടൈ വാട്‌സാപ്പിനെപ്പോലും ഇന്ത്യയില്‍ മലര്‍ത്തിയടിക്കുമെന്നു പ്രവചിക്കുന്നവരുണ്ട്. ഇന്ത്യയില്‍ മാത്രം അമ്പതുകോടി ഉപയോക്താക്കളുള്ള വാട്‌സാപ്പിനെ മറികടക്കുക എളുപ്പമല്ലെങ്കിലും വാട്‌സാപ്പിനൊരു ഭീഷണിയായി മാറാനെങ്കിലും സോഹോയുടെ അറട്ടൈയ്ക്കു കഴിയുമെന്നത് ഏറക്കുറേ ഉറപ്പായിരിക്കുകയാണ്.
ആഗോള എതിരാളികളെക്കാള്‍ ഏറ്റവും മികച്ച സ്വകാര്യത നല്‍കുന്നതും സ്‌പൈവെയര്‍ മുക്തവുമായ ആപ്പെന്ന അവകാശവാദത്തോടെയാണ് അറട്ടൈയുടെ കടന്നുവരവ്. അന്യോന്യം പറഞ്ഞ് ഇതിനു ലഭിച്ച പ്രശസ്തിയും കേന്ദ്ര ഗവണ്‍മെന്റിന്റെ പ്രോത്സാഹനവും ഇതിനു പുറമെയാണ്. ഇത്രയുമായപ്പോള്‍ അറട്ടൈ കയറിയങ്ങു കൊളുത്തിയെന്നു പറഞ്ഞാല്‍ മതിയല്ലോ. അറട്ടൈ എന്ന തമിഴ് വാക്കിന് അര്‍ഥം സൊറപറച്ചില്‍, കൊച്ചുവര്‍ത്തമാനം എന്നൊക്കെയാണ്. ഇതു പുറത്തിറക്കുമ്പോള്‍ മെയ്ഡ് ഇന്‍ ഇന്ത്യ എന്നതായിരുന്നു ഇന്ത്യയുടെ ആപ്തവാക്യം. അതും ഈ ആപ്പിന്റെ വളര്‍ച്ചയ്ക്കു സഹായിച്ച ഘടകമാണ്.
ടെക്സ്റ്റ്, മീഡിയ, ഫയല്‍ ഷെയറിങ്, ഗ്രൂപ്പ് ചാറ്റ് എന്നിവയൊക്കെ ഇതില്‍ സാധ്യമാണ്. എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷനുള്ള ഓഡിയോ, വീഡിയോ ചാറ്റ് സൗകര്യമുണ്ട്. മൊബൈല്‍ മുതല്‍ ആന്‍ഡ്രോയ്ഡ് ടിവി വരെ ഏതു ഗാഡ്ജറ്റുമായും ഇന്റഗ്രേറ്റ് ചെയ്യാമെന്ന സവിശേഷത, ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ മുതല്‍ ക്രിയേറ്റര്‍മാര്‍ വരെ ഓരോ കൂട്ടര്‍ക്കും വേണ്ട അപ്‌ഡേറ്റുകള്‍ എന്നിവയൊക്കെ അറട്ടൈയെ സ്വീകാര്യമാക്കുന്ന കാര്യങ്ങളാണ്.
അറിഞ്ഞോ, സോഹോയുടെ കുളന്തൈ, നമ്മ അറട്ടൈ, കയറിയങ്ങു കൊളുത്തി

