അമേരിക്കയുമായുള്ള വ്യാപാരക്കരാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമ്മർദ്ദത്തിന് വഴങ്ങി പ്രധാനമന്ത്രി രാജ്യതാത്പര്യങ്ങൾ അടിയറവ് വെച്ചുവെന്ന് രാഹുൽ കുറ്റപ്പെടുത്തി. അദാനിക്കെതിരായ കൈക്കൂലി കേസും എപ്സ്റ്റീൻ ഫയലുകളിലെ ദുരൂഹതകളും ഉപയോഗിച്ച് ട്രംപ് പ്രധാനമന്ത്രിയെ ഭീഷണിപ്പെടുത്തിയെന്നും, ഇതിലൂടെ മോദി ഒരു ‘കോംപ്രമൈസ്ഡ്’ നേതാവായി മാറിയെന്നും അദ്ദേഹം ആരോപിച്ചു. എപ്സ്റ്റീൻ ഫയലുകളിൽ മോദിയെക്കുറിച്ച് പരാമർശമുണ്ടെന്ന റിപ്പോർട്ടുകൾ ഗൗരവകരമാണെന്നും അതിന്റെ സത്യം ജനങ്ങൾ അറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, കരാറിനെ ചരിത്രപരമായ നേട്ടമായാണ് ഭരണപക്ഷം വിശേഷിപ്പിക്കുന്നത്. ചൊവ്വാഴ്ച നടന്ന എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉജ്ജ്വലമായ വരവേൽപ്പ് നൽകി. കരാർ ഇന്ത്യയുടെ ഉത്പാദന മേഖലയ്ക്കും കയറ്റുമതിക്കും വലിയ കരുത്താകുമെന്നും ആഗോളതലത്തിൽ ഇന്ത്യയുടെ സ്ഥാനം ഉയർത്തുമെന്നും യോഗം വിലയിരുത്തി. റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തി പകരം അമേരിക്കയിൽ നിന്നും വെനസ്വേലയിൽ നിന്നും ഇന്ധനം വാങ്ങാനുള്ള തീരുമാനം ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനും ആഗോള സമാധാനം ഉറപ്പാക്കാനും സഹായിക്കുമെന്ന് പ്രധാനമന്ത്രി എംപിമാരോട് പറഞ്ഞു.
വ്യാപാരക്കരാറിനെച്ചൊല്ലി പാർലമെന്റിന്റെ ഇരുസഭകളും ചൊവ്വാഴ്ച കലുഷിതമായി. ‘സറണ്ടർ മോദി’ എന്ന മുദ്രാവാക്യമുയർത്തി പ്രതിപക്ഷം പ്രതിഷേധിച്ചതോടെ ലോക്സഭ നടപടികൾ തടസ്സപ്പെട്ടു. ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ തീരുവ അമേരിക്ക 18 ശതമാനമായി കുറച്ചപ്പോൾ, അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യയിൽ ‘സീറോ താരിഫ്’ അനുവദിച്ചതിനെ പ്രതിപക്ഷം ശക്തമായി ചോദ്യം ചെയ്തു. ഇന്ത്യയുടെ വിദേശനയങ്ങൾ ട്രംപ് പ്രഖ്യാപിക്കുന്നത് രാജ്യത്തിന് അപമാനമാണെന്നും, ഇന്ത്യ അമേരിക്കയ്ക്ക് കീഴടങ്ങിയെന്നും ആരോപിച്ച പ്രതിപക്ഷ ബഹളത്തെത്തുടർന്ന് സഭ ഉച്ചവരെ നിർത്തിവെക്കേണ്ടി വന്നു.

